എംഎസ്‌സി എൽസ കപ്പലപകടം
മാലിന്യനീക്കം : ഡിജി ഷിപ്പിങ്ങിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി
കൊച്ചി തീരത്ത് അറബിക്കടലിൽ എംഎസ്‌സി എൽസ -3 കപ്പൽ മുങ്ങിയതിനെത്തുടർന്ന് നടന്നുവന്ന പരിസ്ഥിതി രക്ഷാപ്രവർത്തനം തടസ്സപ്പെട്ടെന്ന പരാതിയിൽ ഹൈക്കോടതി, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ (ഡിജി ഷിപ്പിങ്) വിശദീകരണം തേടി. 15നകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കപ്പലുടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കരാറുകാരെ മാറ്റിയതിനാൽ കപ്പലിനുള്ളിലെ അവശിഷ്ടങ്ങളടക്കം നീക്കുന്നത് വൈകുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് കോടതി നിർദേശം.
അതേസമയം കപ്പലപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനായി സർക്കാർ രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യുമെന്ന് അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു.
കപ്പലപകടംമൂലം തൊഴിൽനഷ്ടം വന്ന മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക, പരിസ്ഥിതി ആഘാതം, മലിനീകരണം എന്നിവ നീക്കാനുള്ള നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടി എൻ പ്രതാപൻ, ഉമ്മർ ഉട്ടുമ്മൽ, ചാൾസ് ജോർജ് എന്നിവർ നൽകിയ പൊതുതാൽപ്പര്യ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. ഹർജികളിലെ പല ആവശ്യങ്ങളും സമാനമായതിനാൽ ഏകീകരണമുണ്ടാക്കണമെന്ന് കോടതി ഹർജിക്കാരോട് നിർദേശിച്ചു. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എതിർകക്ഷികളോടും നിർദേശിച്ചു.
അതേസമയം കപ്പലിന്റെ യഥാർഥ ഉടമ ആരെന്നതിൽ കോടതിയിൽ തർക്കമുയർന്നു. എംഎസ്‌സി കമ്പനി സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം എൽസ 3 മാരിടൈം എന്ന ലൈബീരിയൻ കമ്പനിയാണ് കപ്പലിന്റെ രജിസ്ട്രേഡ് ഉടമ. ഇവരിൽനിന്ന് നിശ്ചിത കാലാവധി വച്ച് ‘ടൈം ചാർട്ടർ പാർടി' വ്യവസ്ഥയിൽ വാടകയ്ക്കെടുത്ത കപ്പലാണിതെന്നും എംഎസ്‌സി പറയുന്നു. ഉടമസ്ഥത പിന്നീട് പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.
ടൈം ചാർട്ടർ പാർടിയായി വാടകയ്ക്കെടുത്ത് നടത്തുന്നതിനാൽ മുങ്ങിയ കപ്പലും അതിലെ കണ്ടെയ്നറുകളും നീക്കുന്ന ഉത്തരവാദിത്തത്തിൽനിന്ന് എംഎസ്‌സി കമ്പനിക്ക് ഒഴിയാനായേക്കും. കൂടാതെ അഡ്മിറാലിറ്റി നിയമപ്രകാരം എംഎസ്‌സി കപ്പലുകൾ അറസ്റ്റ് ചെയ്യാനും നിയമതടസ്സമുണ്ടാകും.എന്നാൽ കപ്പലിന്റെ ഉടമസ്ഥത സംബന്ധിച്ച് പിന്നീട് പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.









0 comments