കെ സ്മാർട്ട് പോർട്ടലിലെ ഉത്തരവുകൾക്ക് നിയമസാധുത : ഹെെക്കോടതി

കൊച്ചി
സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കെ- സ്മാർട്ട് പോർട്ടലിൽ ചേർക്കുന്ന ഉത്തരവുകൾക്ക് നിയമസാധുതയുണ്ടെന്ന് ഹെെക്കോടതി. ഉത്തരവുകൾ നേരിട്ട് കൈയിൽ കിട്ടിയില്ലെന്ന് പറഞ്ഞ് അപേക്ഷകർക്ക് നടപടികളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവായി.
കടയുടെ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിച്ച ഉത്തരവ് കെ -സ്മാർട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടും, അത് നേരിട്ട് ലഭിച്ചില്ലെന്ന കാരണത്താൽ താൽക്കാലിക ലൈസൻസ് അനുവദിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളിയാണ് ഉത്തരവ്.
മുനിസിപ്പാലിറ്റി നിയമപ്രകാരം, അപേക്ഷ നൽകി 30 ദിവസത്തിനകം അപേക്ഷകനെ തീരുമാനം അറിയിച്ചില്ലെങ്കിൽ ലൈസൻസ് ലഭിച്ചതായി കണക്കാക്കാം. എന്നാൽ, കെ-സ്മാർട്ടിൽ ഉത്തരവ് അപ്‌ലോഡ് ചെയ്യുന്നത്, തീരുമാനം അറിയിക്കുന്നതിന് തുല്യമാണെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. കെ സ്മാർട്ട് പോർട്ടൽ വഴിയുള്ള എല്ലാ ആശയവിനിമയങ്ങൾക്കും ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരമുള്ള അംഗീകാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കട്ടപ്പനയിലെ മത്സ്യ–-മാംസ വ്യാപാരി മനോജ്, കടയുടെ ലൈസൻസ് പുതുക്കാൻ കെ–-സ്മാർട്ടിൽ നൽകിയ അപേക്ഷയാണ് കടയിലെ വൃത്തിഹീന സാഹചര്യം ചൂണ്ടിക്കാട്ടി ആരോഗ്യവിഭാഗം നിരസിച്ചത്. ഉത്തരവ് നേരിട്ട് ലഭിച്ചിക്കാത്തതിനാൽ താൽക്കാലിക ലൈസൻസിന് അർഹതയുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം.









0 comments