ജാമ്യം ലഭിച്ചിട്ടും മോചനമില്ല ; 
നിയമവിരുദ്ധമെന്ന് ഹെെക്കോടതി

Highcourt on bail
വെബ് ഡെസ്ക്

Published on Jun 21, 2025, 12:26 AM | 1 min read


കൊച്ചി

കൽപ്പറ്റയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നേപ്പാൾ സ്വദേശികൾക്ക് ജാമ്യം അനുവദിച്ചിട്ടും ഷെൽട്ടർ ഹോമിൽ അടച്ചത്‌ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഇവരുടെ ഭാഗംകൂടി കേട്ട് ഒരുമാസത്തിനകം തീരുമാനമെടുക്കാൻ കോഴിക്കോട് ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസറോട്‌ നിർദേശിച്ചു.

സ്വാഭാവികനീതി ഉറപ്പാക്കണം. അതോടൊപ്പം ഹർജിക്കാർ നിയമത്തിന്റെ പിടിയിൽനിന്ന് വഴുതിപ്പോകാൻ ഇടയാകരുതെന്നും നിർദേശം നൽകി. ഒരുമാസംകൂടി അവരോട് മാനന്തവാടി ആറാട്ടുതറ ട്രാൻസിറ്റ് ഹോമിൽ തുടരാനും നിർദേശിച്ചു.


ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ അനുവദിക്കാത്തതിനെതിരെ മഞ്ജു സൗദ്, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് സി ജയചന്ദ്രനാണ് ഉത്തരവിട്ടത്‌. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ട്രാൻസിറ്റ് ഹോമിലാക്കിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. വ്യക്തിസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചെന്നും വാദിച്ചു. എന്നാൽ, ഭരണഘടനയിലെ മൗലികാവകാശങ്ങൾ വിദേശികൾക്ക് ബാധകമല്ലെന്ന്‌ കേന്ദ്രസർക്കാർ വാദിച്ചു. അതേസമയം, ഇവിടെയെത്തുന്ന വിദേശികളുടെ പരിമിതമായ അവകാശങ്ങളെക്കുറിച്ചെങ്കിലും നമ്മൾ ചിന്തിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. മൗലികാവകാശങ്ങളിൽ പലതിലും ‘പൗരൻ' എന്നല്ല ‘വ്യക്തി' എന്നാണ് പറയുന്നതെന്നും ഓർമിപ്പിച്ചു.


കൽപ്പറ്റയിലെ റിസോർട്ടിൽ ഹൗസ് കീപ്പർമാരായി ജോലി ചെയ്യുകയായിരുന്നു ഹർജിക്കാർ. ഇതിനിടെ മകന്റെ സുഹൃത്തായ നേപ്പാൾ സ്വദേശിനി മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ മഞ്ജു കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് കേസ്. 2024 സെപ്തംബർ‌ ഒമ്പതിനാണ് ഇവർ അറസ്റ്റിലായത്.




deshabhimani section

Related News

View More
0 comments
Sort by

Home