കേന്ദ്രനയത്തിൽ പ്രതിഷേധം ; കോടതിയലക്ഷ്യക്കേസിൽ നേതാക്കൾ ഹാജരായി

കൊച്ചി
കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടത്തിയ യോഗം റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യക്കേസിൽ സിപിഐ എം നേതാക്കളായ ഇ പി ജയരാജൻ, എം വി ജയരാജൻ, പി ജയരാജൻ, കെ വി സുമേഷ് എംഎൽഎ എന്നിവർ ഹെെക്കോടതിയിൽ ഹാജരായി. കോടതിയലക്ഷ്യം നേരിടുന്ന കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ്, ടൗൺ സ്റ്റേഷൻ എസ്എച്ച്ഒ എന്നിവരും ഹാജരായി. ഇവർ പ്രത്യേകം സത്യവാങ്മൂലങ്ങൾ സമർപ്പിക്കണമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശിച്ചു. നാല് ആഴ്ചയ്‌ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും. ഇനി നേരിൽ ഹാജരാകുന്നതിൽനിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്.
ഫെബ്രുവരി 25ന് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിനായി പന്തൽ കെട്ടിയത് റോഡ് തടസ്സപ്പെടുത്തിയാണെന്ന് ആരോപിച്ച് കൊച്ചി സ്വദേശി എൻ പ്രകാശ് ആണ് ഹർജി നൽകിയത്. മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് എന്നിവരും എതിർകക്ഷികളാണെങ്കിലും നേരിൽ ഹാജരാകുന്നതിൽനിന്ന് ഇവരെ ഒഴിവാക്കിയിരുന്നു.









0 comments