ഡോക്ടർമാർക്കെതിരായ പരാതി : മാർഗനിർദേശവുമായി ഹൈക്കോടതി

കൊച്ചി
ഡോക്ടർമാർക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ചുള്ള പരാതി റഫർചെയ്യാൻ വിദഗ്ധപാനലും ഉന്നതസമിതിയും രൂപീകരിക്കണമെന്ന് ഹൈക്കോടതി. പരാതികളിൽ തുടർനടപടി സംബന്ധിച്ച കരട് മാർഗനിർദേശമടക്കം രൂപീകരിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. ചികിത്സയ്ക്കിടെ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കെതിരായ കേസുകളാണ് പരിഗണിച്ചത്.
എല്ലാ ജില്ലയിലും സ്പെഷ്യാൽറ്റി ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കണമെന്ന് കോടതി നിർദേശിച്ചു. പരാതി എങ്ങനെ കൈകാര്യംചെയ്യാമെന്ന് അവരെ അറിയിക്കണം. സ്പെഷ്യാലിറ്റി ഡോക്ടറെ ഉൾപ്പെടുന്ന വിദഗ്ധസമിതി രൂപീകരിച്ച് 30 ദിവസത്തിനകം നടപടി പൂർത്തിയാക്കണം. ചികിത്സാപിഴവ് സംബന്ധിച്ച് പരാതി ലഭിച്ചാൽ ഡോക്ടറുടെ നോട്ട്, നഴ്സസ് ഡയറി, ഡ്യൂട്ടി റോസ്റ്റർ, ഷിഫ്റ്റ് റിപ്പോർട്ടുകൾ, ഹാജർ ഷീറ്റ്, മെഡിക്കൽ, പരിശോധന, ലാബ് റിപ്പോർട്ടുകൾ, ചികിത്സാകുറിപ്പുകൾ, ഡിസ്ചാർജ് സമ്മറി തുടങ്ങിയവ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ നടപടി സ്വീകരിക്കണം. വിദഗ്ധ പാനൽ യോഗം ഉടൻ ചേരാൻ ആവശ്യപ്പെടണം. പരാതിക്കാരനും ഡോക്ടർക്കും രേഖാമൂലം വിശദീകരണം നൽകാൻ അവസരം നൽകണം.
ചികിത്സാപിഴവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സൂചനയുള്ള സംഭവങ്ങളിൽ ഡോക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടണം. പാനലിലെ ഓരോ വിദഗ്ധ അംഗത്തിന്റെയും അഭിപ്രായം റിപ്പോർട്ടിലുണ്ടാകണം. സമവായത്തിലൂടെ അന്തിമ തീരുമാനത്തിലെത്തണം. റിപ്പോർട്ടിന്റെ പകർപ്പ് ഡോക്ടർക്ക് നൽകണം. ചികിത്സാപിഴവ് കണ്ടെത്തിയില്ലെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരനും നൽകണം. പാനൽ കണ്ടെത്തലിനെതിരെ ഇരുകക്ഷികൾക്കും അപ്പീൽ നൽകാം. നിർദിഷ്ട സമയത്തിനകം അപ്പീൽ നൽകിയിട്ടുണ്ടെങ്കിൽ അതിലെ തീരുമാനത്തിനുശേഷമെ അന്തിമ റിപ്പോർട്ട് നൽകാവൂവെന്നും കോടതി നിർദേശിച്ചു.









0 comments