വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. തിങ്കളാഴ്ചവരെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെ ചൊവ്വാഴ്ച അറസ്റ്റ് തടഞ്ഞതായി കോടതി പരാമർശിച്ചിരുന്നു. തെളിവുകൾ ഹാജരാക്കാൻ തിങ്കളാഴ്ച വരെ സമയം നൽകാമെന്ന് പരാതിക്കാരിയുടെ വാദങ്ങൾ കേട്ടശേഷം കോടതി അറിയിച്ചു. തെളിവുകൾ സമർപ്പിക്കാൻ പരാതിക്കാരിയുടെ അഭിഭാഷക കൂടുതൽ സമയം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വേടന്റെ ജാമ്യഹർജിയിൽ ഇന്നും വിശദമായ വാദം നടന്നു. പരാതിക്കാരിയുടെ അഭിഭാഷകയെ കോടതി രൂക്ഷമായി വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റുകൾ എപ്പോഴും തെളിവുകളായി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റം നിലനിൽക്കുന്ന സാഹചര്യമായി കണക്കാക്കാനാകില്ല. മറ്റ് പരാതികൾ വേടനെതിരെ ഉണ്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷക വാദമുന്നയിച്ചപ്പോൾ പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും മറ്റ് പരാതികൾ കേസായി വരുമ്പോൾ പരിഗണിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
വിവാഹ വാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്‌തെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാൻ ശ്രമിച്ചപ്പോൾ താനുമായുള്ള ബന്ധം വേടൻ അവസാനിപ്പിച്ചെന്നും അവർ പറഞ്ഞു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പരാതിക്കാരിയോട് ചോദിച്ചു. ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവിലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
വേടൻ ഇൻഫ്ലുവൻസറെന്ന് പറഞ്ഞ പരാതിക്കാരിയോട്, ഇൻഫ്ളുവൻസറാണോ അല്ലയോ എന്നതല്ല, നിയമത്തിന് മുന്നിൽ വേടൻ വ്യക്തിമാത്രമെന്ന് കോടതി പറഞ്ഞു. തെളിവുകൾ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ എന്നും കോടതി പറഞ്ഞു. വേടൻ സ്ഥിരം കുറ്റവാളി ആണെന്നായിരുന്നു പരാതിക്കാരിയുടെ മറ്റൊരു വാദം.









0 comments