ഗവര്‍ണര്‍ക്ക് തിരിച്ചടി: താല്‍കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളിൽ താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി തെറ്റെന്ന് ഹൈക്കോടതി. നിയമനം നടത്തേണ്ടത് സര്‍ക്കാര്‍ പാനലില്‍ നിന്നെന്നും സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി ഗവര്‍ണര്‍ പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നിയമനം നിയമപരമല്ല. രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ കാലാവധി 28ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു.
സർക്കാർ പാനൽ മറികടന്നാണ് ചാൻസലര്‍ കൂടിയായ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയും നിയമിച്ചത്. ഇത് ചോദ്യം ചെയ്ത ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.
സാങ്കേതിക സർവകലാശാല നിയമപ്രകാരം താൽക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ആകണമെന്ന് ഹെെക്കോടതി ഉത്തരവുണ്ട്. ഇക്കാര്യത്തിൽ ഗവർണർ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തിയിരുന്നു. എന്നിട്ടും ഉത്തരവ് മറികടന്ന് ഗവർണർ നിയമനം നടത്തുകയായിരുന്നു.









0 comments