ആരിഫ് ഖാന് വീണ്ടും തിരിച്ചടി: സിസ തോമസിന്റെ നിയമനവും നിയമപരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: കേരള ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി നിയമപരല്ലെന്ന് ഹൈക്കോടതി. വി സിയുടെ താൽക്കാലിക ഒഴിവ് നികത്തേണ്ട സാഹചര്യത്തിൽ സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് ചാൻസലറായ ഗവർണർ നിയമനം നടത്തണമെന്നാണ് സർവകലാശാലാ നിയമത്തിൽ പറയുന്നതെന്നും ഇത് പാലിക്കപ്പെട്ടില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിൽ വ്യക്തമാക്കി.
ഇതേ കാരണത്താൽ എപിജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വി സിയായി ഡോ. കെ ശിവപ്രസാദിനെ നിയമിച്ച നടപടിയും നിലനിൽക്കുന്നതല്ലെന്ന് കഴിഞ്ഞ ദിവസം ഹെെക്കോടതി ഉത്തരവായിരുന്നു. വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് വേണമെന്നുള്ളത് ഹൈക്കോടതി ഡിവിഷൻബെഞ്ച് ശരിവച്ചിട്ടുള്ളതാണ്. എന്നിട്ടും സർക്കാർ പട്ടിക മറികടന്നാണ് മുൻ ഗവർണർ അനധികൃത നിയമനം നടത്തിയത്. ഈ നിയമനങ്ങൾ ചോദ്യംചെയ്ത് സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. അതേസമയം താൽക്കാലിക വിസിമാരുടെ കാലാവധി മെയ് 27ന് അവസാനിക്കുന്നതിനാൽ നിയമനം റദ്ദാക്കുന്നില്ലെന്നും അതുവരെ തുടരാനും കോടതി നിർദേശിച്ചു.









0 comments