‘നഷ്ടപരിഹാരത്തിന്‌ ജില്ലകളിൽ നിയമസേവന സമിതികൾ രൂപീകരിക്കണം’ ; തെരുവുനായപ്രശ്നത്തിൽ ഇടപെട്ട്‌ ഹൈക്കോടതി

high court
വെബ് ഡെസ്ക്

Published on Jul 29, 2025, 12:00 AM | 1 min read


കൊച്ചി

സംസ്ഥാനത്തെ തെരുവുനായപ്രശ്നം അതീവ ഗൗരവത്തോടെ കാണണമെന്നും നായകൾ ആശങ്കാജനകമായി പെരുകുകയാണെന്നും ഹെെക്കോടതി. മൃഗങ്ങളുടെ അവകാശത്തേക്കാൾ മുന്നിലാണ് മനുഷ്യാവകാശമെന്നും ഹർജി പരിഗണിക്കവേ ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞു. ഈ സാഹചര്യത്തിൽ നായയുടെ കടിയേറ്റവരുടെ നഷ്ടപരിഹാരപരാതികൾ പരിഗണിക്കുന്നതിന്‌ എല്ലാ ജില്ലകളിലും നിയമസേവന സമിതികൾ രൂപീകരിക്കാൻ ഹെെക്കോടതി ഇടക്കാല ഉത്തരവിട്ടു. സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണിത്‌.


നഷ്ടപരിഹാര അപേക്ഷകൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി നിലവിൽ പ്രവർത്തിക്കുന്നില്ല. ആകെ 1000 അപേക്ഷകളാണ് തീർപ്പാക്കാനായത്. 7400 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. കമ്മിറ്റി ഓഫീസ് എറണാകുളത്തായതിനാൽ മറ്റു ജില്ലകളിലുള്ളവർക്ക്‌ പരാതിയുമായി ഇവിടെ എത്തേണ്ട സ്ഥിതിയായിരുന്നു. ഇതിനുപകരമായാണ് നിയമസേവന അതോറിറ്റികളുടെ മേൽനോട്ടത്തിൽ ജില്ലാസമിതികൾ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. അതോറിറ്റിയുടെ അഭിഭാഷകനുപുറമേ ജില്ലാ മെഡിക്കൽ ഓഫീസറും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറും സമിതിയിലുണ്ടാകും.


സംസ്ഥാനത്ത് തെരുവുനായകൾ മൂന്നുലക്ഷം വരുമെന്ന് സർക്കാർ അറിയിച്ചു. ഈ വർഷം കടിയേറ്റവരുടെ എണ്ണം, മരണസംഖ്യ, തെരുവുനായകളുടെ എണ്ണം എന്നിവ ഹാജരാക്കാൻ കോടതി നിർദേശിച്ചു.


എബിസി നിയമപ്രകാരം തെരുവുനായ നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങൾ സുപ്രീംകോടതിയും ഹൈക്കോടതിയും നൽകിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പാക്കണം. ദയാവധം പരിഹാരമല്ല. തെരുവുനായ കടിച്ചാൽ, അവയെ നിയന്ത്രിക്കാൻ ചുമതലയുള്ള തദ്ദേശ സ്ഥാപന സെക്രട്ടറിക്കെതിരെ കേസെടുക്കുന്ന നിലയുണ്ടാകണം. എങ്കിൽമാത്രമേ നിയന്ത്രണം കർശനമാകൂവെന്ന്‌ കോടതി വാക്കാൽ പറഞ്ഞു. നായയുടെ കടിയേൽക്കുന്നത്‌ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകുമോയെന്ന് പരിശോധിക്കണമെന്നും നിർദേശിച്ചു.


തെരുവുനായശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാർഥിനി കീർത്തന സരിൻ അടക്കം നൽകിയ ഹർജികളാണ്‌ പരിഗണിച്ചത്‌. ഹർജികൾ വീണ്ടും ആഗസ്‌ത്‌ 11ന് പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home