എൻഎച്ച്‌എക്ക് വീണ്ടും തിരിച്ചടി
പാലിയേക്കരയിലെ ടോൾവിലക്ക് 2 ദിവസംകൂടി നീട്ടി ; ജനങ്ങളെ പരീക്ഷിക്കരുതെന്ന് കോടതി

കൊച്ചി
ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിൽ ടോള്‍പിരിവിനുള്ള വിലക്ക് ഹൈക്കോടതി വ്യാഴാഴ്‌ചവരെ നീട്ടി. ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന് കാണിച്ച് മോണിറ്ററിങ് കമ്മിറ്റിയും തൃശൂർ കലക്ടറും നൽകിയ റിപ്പോർട്ട് അപൂർണമാണെന്ന് കാണിച്ചാണ് നടപടി. ജനങ്ങളെ പരീക്ഷിക്കരുത്. പൊതുതാല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. ആരും തോല്‍ക്കണമെന്നില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻബെഞ്ച് പറഞ്ഞു. പ്രശ്നങ്ങളെ നിസാരമായി കാണരുതെന്ന് ദേശീയപാത അതോറിറ്റിക്ക് മുന്നറിയിപ്പും നൽകി.
ദേശീയപാത അതോറിറ്റി വൈകിയാണ് വിവരം കൈമാറിയതെന്ന് കലക്ടർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാൻ കലക്ടറോട് നിർദേശിച്ചു. ഇതിനായാണ് വിലക്ക് 2 ദിവസംകൂടി നീട്ടിയത്.
നിർമാണപ്രവർത്തനങ്ങളെ തുടർന്ന് ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോഴാണ് ഹൈക്കോടതി ഇടപെട്ട് ആഗസ്‌ത് അഞ്ചിന് ടോൾപിരിവ് തടഞ്ഞത്. 40 ദിവസം പിന്നിടുമ്പോഴും ദേശീയപാത അതോറിറ്റിക്കും കേന്ദ്രസർക്കാരിനും പ്രശ്നം പരിഹരിക്കാനായിട്ടില്ല.
എൻഎച്ച്‌എക്ക് വീണ്ടും തിരിച്ചടി
ഇടപ്പള്ളി–മണ്ണൂത്തി ദേശീയ പാതയിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന വിധി ദേശീയപാത അതോറിറ്റിക്ക് കനത്ത തിരിച്ചടിയായി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് വീണ്ടും തൃശൂർ കലക്ടർക്ക് നൽകാൻ എൻഎച്ച്‌എ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കലക്ടർ നൽകുന്ന അന്തിമ റിപ്പോർട്ട് പരിശോധിച്ച ശേഷമേ ടോൾ പിരിക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
ദേശീയപാത 544-–ൽ നിർമാണത്തിലെ അപാകങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് 18 കർശന നിർദ്ദേശങ്ങൾ കലക്ടർ നൽകിയിരുന്നു. കലക്ടർ അർജുൻ പാണ്ഡ്യൻ. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരടങ്ങിയ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയത്. അടിപ്പാത നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനും നിർമാണത്തിലെ പിഴവുകളും സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പൂർത്തിയാക്കാനും കലക്ടർ നിർദേശിച്ചിരുന്നു.
സർവീസ് റോഡിൽ നിന്ന് പ്രധാന പാതയിലേക്ക് കടക്കുന്നയിടത്തെ വീതിക്കുറവ്, ഓടകളുടെ അപര്യാപ്തത, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, അടിപ്പാതകളുടെ നിർമാണത്തിലെ മെല്ലെപ്പോക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി കലക്ടറുടെ റിപ്പോർട്ടിലുണ്ട്. ഗതാഗത പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടുവെങ്കിലും ഇത് കോടതി മുഖവിലക്കെടുത്തില്ല. വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുകയായിരുന്നു.









0 comments