മുനമ്പം കമീഷനെ തുടരാൻ അനുവദിക്കണം ; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : മുനമ്പം ഭൂമി കൈവശക്കാരുടെ അവകാശം കണ്ടെത്താൻ നിയോഗിച്ച ജസ്‌റ്റിസ് സി എൻ രാമചന്ദ്രൻനായർ കമീഷനെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന് സർക്കാർ ഹൈക്കോടതിയോട് അഭ്യർഥിച്ചു. സർക്കാർ നിയോഗിച്ച കമീഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി, സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി. കമീഷനെ നിയമിച്ചത് വഖഫ് ഭൂമിയാണോ എന്ന് കണ്ടെത്താനല്ല , ഭൂമി കൈവശമുള്ളവരെ സഹായിക്കാനാണ്. രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കേണ്ട കടമ സർക്കാരിനുണ്ടെന്നും എജി അറിയിച്ചു.
ഭൂമിയുമായി നേരിട്ട് ബന്ധമില്ലാത്തവർക്ക് എങ്ങനെ കോടതിയെ സമീപിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ ആരാഞ്ഞു. ഇക്കാര്യം സിംഗിൾ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്ന് സർക്കാർ അറിയിച്ചു.
സിംഗിൾ ബെഞ്ചിൽ ഹർജി ഫയൽ ചെയ്ത സാഹചര്യത്തിൽ ജസ്‌റ്റിസ് സി എൻ രാമചന്ദ്രൻനായർ അന്വേഷണത്തിൽനിന്ന് സ്വയം വിട്ടുനിൽക്കുകയായിരുന്നെന്നും സർക്കാർ നിലപാടിനോട് യോജിപ്പാണെന്നും വഖഫ് സംരക്ഷണസമിതി ബോധിപ്പിച്ചു. കമീഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിൽ കോടതി തിങ്കളാഴ്ച ഉത്തരവിറക്കും.









0 comments