ഇടപ്പള്ളി–-മണ്ണുത്തി ഗതാഗതക്കുരുക്ക്
ടോൾ പിരിവ് നിർത്തിവയ്‌ക്കാത്തതിൽ കാരണം തേടി ഹെെക്കോടതി

കൊച്ചി
ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിൽ നിർമാണപ്രവർത്തനങ്ങൾമൂലം ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും എന്തുകൊണ്ടാണ് ടോൾ പിരിവ് നിർത്തിവയ്ക്കാത്തതെന്ന് ദേശീയപാത അതോറിറ്റിയോട് ഹെെക്കോടതി. അടുത്ത സിറ്റിങ്ങിനുമുമ്പ് ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കലക്ടറുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിയും ജനപ്രതിനിധികളും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമടക്കം കഴിഞ്ഞദിവസം നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിലും രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് ദേശീയപാത അതോറിറ്റിയോട് റിപ്പോർട്ട് തേടിയത്. ഹർജി ജൂലെെ ഏഴിനാണ് ഇനി പരിഗണിക്കുക.
ഗതാഗതക്കുരുക്ക് മുൻകൂട്ടി കാണാതിരുന്നത് ദേശീയപാത അതോറിറ്റിയുടെ വൻ വീഴ്ചയെന്ന് ഹെെക്കോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ടോൾ നൽകുന്ന യാത്രക്കാരെ പൂർണമായും അവഗണിക്കുന്ന അവസ്ഥയാണുള്ളതെന്നും കൃത്യമായ സേവനം ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു.
അടിപ്പാത നിർമാണംമൂലമുള്ള ഗതാഗതക്കുരുക്കുകാരണം പാലിയേക്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഉപഹർജിയാണ് ഹെെക്കോടതി പരിഗണിക്കുന്നത്.
കോടതി രേഖാമൂലം മറുപടി ആവശ്യപ്പെട്ടപ്പോൾ ദേശീയപാത അതോറിറ്റി കൂടതൽ സമയം തേടുകയായിരുന്നു. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് ദേശീയപാത അതോറിറ്റി അടിപ്പാതകളുടെ നിർമാണം ആരംഭിച്ചതെന്നും പണി മെല്ലെപ്പോക്കിലാണെന്നും തൃശൂർ കലക്ടർ മുമ്പ് നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.









0 comments