ആനന്ദകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
വിഐപി പ്രതികൾ ജാമ്യത്തിന് ‘അനാരോഗ്യം’ പതിവാക്കിയെന്ന് ഹെെക്കോടതി

കൊച്ചി : പാതിവില തട്ടിപ്പ് കേസിൽ നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ ചെയർമാനും സായിഗ്രാമം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിന്റെ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പ്രതിയുടെ ആരോഗ്യസ്ഥിതി ഡോക്ടർമാരുമായി ചർച്ചചെയ്ത് അറിയിക്കണമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ സർക്കാരിനോട് നിർദേശിച്ചു. ഹർജിക്കാരന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയിലിന് പുറത്ത് ചികിത്സ ആവശ്യമാണെന്നും അഭിഭാഷകൻ അറിയിച്ചതോടെ, പ്രതിയുടെ ആരോഗ്യം സംബന്ധിച്ച് കൃത്യമായി വിലയിരുത്താതെ ജാമ്യം നൽകുന്ന രീതി ഇനിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷയിൽ ആരോഗ്യപ്രശ്നം ഉന്നയിക്കുന്ന വിഐപികൾ ഇഷ്ടാനുസരണം ആശുപത്രികളിൽ പ്രവേശിക്കുന്നത് പതിവായി. ജയിലിന് പുറത്ത് ചികിത്സ അനിവാര്യമാണെന്ന് വാദിക്കുന്ന ഇവർ നടത്തുന്നത് മെഡിക്കൽ ടൂറിസമാണെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് ജാമ്യഹർജി വ്യാഴാഴ്‌ചത്തേക്ക് മാറ്റിയത്. മുസ്ലിംവിദ്വേഷ പരാമർശക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട പി സി ജോർജ് ആശുപത്രിയിൽ പ്രവേശിച്ചതും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണെന്ന് കോടതി പറഞ്ഞു.
0 comments