തള്ളിയത്‌ വി ഡി സതീശന്റെയും 
രമേശ്‌ ചെന്നിത്തലയുടെയും ഹർജികൾ

എഐ കാമറയിൽ അഴിമതിയില്ല : ഹൈക്കോടതി ; നാണംകെട്ട്‌ പ്രതിപക്ഷം

high court on AI camera
വെബ് ഡെസ്ക്

Published on Aug 28, 2025, 02:37 AM | 1 min read

കൊച്ചി

എഐ കാമറ കരാറിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ആരോപണം പ്രഥമദൃഷ്‌ട്യാപോലും നിലനിൽക്കില്ലെന്നും തെളിവൊന്നുമില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി.


വലിയ വികസന പ്രവർത്തനങ്ങളിൽ സംശയത്തിന്റെ പേരിൽ അന്വേഷണം ആവശ്യപ്പെട്ട് തെളിവില്ലാതെയാണ്‌ കോടതിയെ സമീപിച്ചതെന്നും വിലയിരുത്തി. ഭരണകക്ഷിക്ക് അടുപ്പമുള്ള കമ്പനിക്കാണ് കരാർ നൽകിയതെന്ന ആരോപണവും തള്ളി. സ്വകാര്യ സ്ഥാപനങ്ങളെ കക്ഷിചേർത്തത്‌ അനുചിതമാണ്‌. ഭരണാനുമതി ലഭിക്കുംവരെ പരാതി ഉന്നയിച്ചില്ലെന്നും കരാർപ്രകാരം ആദ്യഗഡു നൽകാനിരിക്കവെയായിരുന്നു ഹർജിയെന്നും കോടതി ചൂണ്ടിക്കാട്ടി.


എഐ സംവിധാനത്തിലൂടെ പൊതുജനങ്ങളുടെ ഡാറ്റ സ്വകാര്യ കമ്പനികളുടെ കൈകളിലെത്തുമെന്ന വാദവും തള്ളി. കമ്പനികൾക്ക് ഡാറ്റ ലഭിക്കാത്ത തരത്തിലാണ് പദ്ധതി –കോടതി പറഞ്ഞു.


കരാറിന്റെ എല്ലാ ഘട്ടത്തിലും വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടം കുറയ്‌ക്കാനുമുള്ള സേഫ് കേരള പദ്ധതിയിൽ നടപ്പക്കിയ കരാർ സുതാര്യമാണെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ് ബോധിപ്പിച്ചു. കെ ഫോൺ പദ്ധതിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി ഡി സതീശൻ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയതും വിശദീകരിച്ചു. സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി എൻ മനോജ്കുമാർ, സ്‌പെഷൽ ഗവ. പ്ലീഡർ വി മനു എന്നിവരും ഹാജരായി.


​പൊതുതാൽപ്പര്യ 
ഹർജിക്ക്‌ 
വിശ്വാസയോഗ്യമായ തെളിവുവേണം

സംശയത്തിന്റെ പേരിൽ രാഷ്‌ട്രീയ തർക്കങ്ങൾക്കായി പൊതുതാൽപ്പര്യ ഹർജി ഉപയോഗിക്കാനാവില്ലെന്നും വസ്‌തുതകളില്ലാതെ സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്യാനാകില്ലെന്നും ഹൈക്കോടതി. അരികുവൽക്കരിക്കപ്പെട്ടവരും ശബ്‌ദമുയർത്താൻ കഴിയാത്തവരുമാണ് പൊതുതാൽപ്പര്യ ഹർജിയുടെ സഹായം തേടേണ്ടത്‌.


നിയമവാഴ്‌ച ഉയർത്തിപ്പിടിക്കാനാണ് പൊതുതാൽപ്പര്യഹർജി നൽകേണ്ടത് –കോടതി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home