ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പസംഗമവുമായി സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സംഘപരിവാർ അനുകൂലികൾ നൽകിയ ഹർജികൾ കോടതി തള്ളി. സംഗമം പ്രകൃതിക്ക് ഹാനികരമാകരുതെന്നും വരവ്- ചെലവ് കണക്കുകൾ സുതാര്യമാകണമെന്നും കോടതി നിർദേശിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേർന്നാണ് സംഗമം ഒരുക്കുന്നത്. പമ്പാ തീരത്ത് സെപ്‌തംബർ 20ന് നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശബരിമലയുടെ ഭാവി വികസന പദ്ധതികളും വേദിയില്‍ ചർച്ചയാകും. കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം പങ്കെടുക്കും. ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തിനായി ജര്‍മന്‍ പന്തല്‍ നിര്‍മിക്കും.
പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് പ്രധാന സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫീസുകളുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. താമസസൗകര്യം, പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം എന്നിവ ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികിത്സാ സൗകര്യം ഉറപ്പാക്കും. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.









0 comments