അത് ‘ബാഡ് ടച്ചല്ല’; ഡോക്ടർ നടത്തിയത് മെഡിക്കൽ പരിശോധന , പോക്സോ കേസ് റദ്ദാക്കി

കൊച്ചി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിശോധനയ്‌ക്കിടെ മോശമായി സ്പർശിച്ചെന്ന് ആരോപിച്ച് ഡോക്ടർക്കെതിരെ ചുമത്തിയ പോക്സോ കേസ് ഹെെക്കോടതി റദ്ദാക്കി. രോഗിയെ ഉറ്റബന്ധുക്കളുടെ സാമീപ്യത്തിൽ ഡോക്ടർ ദേഹപരിശോധന നടത്തുന്നത് ചികിത്സയുടെ ഭാഗമാണെന്നും അത് പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് ജി ഗിരീഷ് കേസ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ ഡോക്ടറാണ് ഹെെക്കോടതിയെ സമീപിച്ചത്.
നെഞ്ചിലും വയറിലും വേദനയുമായി അമ്മയോടൊപ്പം ശിശുരോഗവിദഗ്ധനെ കാണാനെത്തിയ പെൺകുട്ടിയെ മോശമായി സ്പർശിച്ചു (ബാഡ് ടച്ച്) എന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നത്. അമ്മയെ കൂടെയിരുത്തി ആദ്യം സ്‌റ്റെതസ്കോപ്പ് വച്ചും പിന്നീട് കെെകൊണ്ടും നെഞ്ചിലും വയറിലും പരിശോധിച്ചെന്നാണ് പരാതി. പിന്നീട് സ്കാനിങ് റിപ്പോർട്ടുമായി സഹോദരിക്കൊപ്പം എത്തിയപ്പോൾ ഡോക്ടർ വീണ്ടും പരിശോധിച്ചു. അപ്പോൾ ബഹളംവയ്ക്കുകയും പരാതി നൽകുകയുമായിരുന്നു. 2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
1970ൽ മെഡിക്കൽ പ്രാക്ടീസ് തുടങ്ങിയതാണെന്നും രോഗിയെ പരിശോധിക്കുകമാത്രമാണ് ചെയ്തതെന്നും കോടതിയെ ഡോക്ടർ അറിയിച്ചു.









0 comments