ഇനിയും മഴ തുടരും... കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ഒഡിഷ, വടക്കു - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും, മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ മുതൽ ശനിയാഴ്ച വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. അപകടങ്ങൾ ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം.
മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ - മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. വ്യാഴാഴ്ചയോടെ ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന്, ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, വെള്ളിയാഴ്ചയോടെ തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ - മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ആയി വീണ്ടും ശക്തിപ്പെടാൻ സാധ്യത. ഇത് ശനിയാഴ്ചയോടെ തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.









0 comments