കോഴിക്കോട്‌ കനത്ത മഴ; രണ്ടിടത്ത്‌ ഉരുൾപൊട്ടൽ, 29 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

vilangadtownbridge

വിലങ്ങാട് പുഴയിലെ മലവെള്ളപ്പാച്ചിലിൽ ടൗൺ പാലത്തിൽ വെള്ളം കയറിയപ്പോൾ

വെബ് ഡെസ്ക്

Published on Jul 16, 2025, 10:57 PM | 2 min read

കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയിൽ നാശം വിതച്ച് കനത്ത മഴ. മലയോര പ്രദേശങ്ങളിലാണ് കൂടുതൽ നാശ നഷ്‌ടങ്ങൾ സംഭവിച്ചത്. പുഴയിൽ മലവെള്ളപ്പാച്ചിലിൽ ജനങ്ങൾ ആശങ്കയിലാണ്‌. വടകര താലൂക്കിൽ വയനാട്‌ ചുരത്തിനോട്‌ ചേർന്ന വനഭാഗങ്ങളിൽ ഉരുൾപൊട്ടിയതായാണ്‌ സംശയിക്കുന്നത്‌. പെട്ടെന്ന്‌ എത്തിപ്പെടാൻ കഴിയാത്ത സ്ഥലമാണിതെന്ന്‌ അധികൃതർ വ്യക്തമാക്കി.


ഉരുൾപൊട്ടൽ സൂചനയുള്ളതിനാൽ വിവിധയിടങ്ങളിൽനിന്ന്‌ 29 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇല്ലിക്കൽ ഉന്നതിയിലെ 13 കുടുംബങ്ങളെയും പൃക്കൻതോട് മേഖലയിലെ 16 കുടുംബങ്ങളെയുമാണ്‌ മാറ്റി താമസിപ്പിച്ചത്‌. ജനങ്ങളോട്‌ ജാഗ്രത പാലിക്കാൻ അധിതർ അറിയിച്ചു.


പശുക്കടവ്‌ പൂഴിത്തോട്‌ വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്‌. കടന്തറപുഴയിലും ചടയൻതോട്‌ പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. കാവിലുംപാറ മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപ്പാലം പുഴയിലും ജലനിരപ്പ്‌ ഉയർന്നിട്ടുണ്ട്‌. അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മരുതോങ്കര പഞ്ചായത്തിലെ കടന്തറപ്പുഴ തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായി.


കാവിലുംപാറ, മരുതോങ്കര, കായക്കൊടി പഞ്ചായത്തിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്‌. പൃക്കൻതോട് മേഖലയിലെ പുഴയ്ക്ക് സമീപത്തുള്ള 16 കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്. രണ്ട് കുടുംബങ്ങളെ ബന്ധുവീട്ടിലേക്കും 14 കുടുംബങ്ങളെ പശുക്കടവ് ഷെൽട്ടറിലേക്കുമാണ് മാറ്റിയത്.


കായക്കൊടി പഞ്ചായത്തിലെ തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കുറ്റ്യാടി ചുരം മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്‌. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.


പൂഴിത്തോട് ഉൾവനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ചെമ്പനോട കടന്തറ പുഴയിൽ ജലനിരപ്പുയർന്നു. റോഡ് വെള്ളത്തിൽ മുങ്ങി. മലവെള്ളപ്പാച്ചിൽ ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ റോഡരികിലുള്ള ഇല്ലിക്കൽ ഉന്നതിയിലെ 13 കുടുംബങ്ങളെ ചെമ്പനോട യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നാൽപ്പതോളം പേരാണ് ക്യാമ്പിലുള്ളത്.


ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തിയശേഷമാണ് ഉന്നതിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്‌. മലയോരത്ത്

മഴ ശക്തിയാർജിച്ച പാശ്ചാത്തലത്തിൽ കൂടുതൽ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റേണ്ടിവരുമെന്ന് കെ സുനിൽ അറിയിച്ചു.


ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ പലയിടത്തും തുടരുകയാണ്‌. ചെറിയ ഇടവേളകൾ ഒഴിച്ച്‌ പലയിടത്തും തുടർച്ചയായി മഴ ലഭിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സജ്ജീകരണവും ഒരുക്കുന്നുണ്ട്‌. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ട്‌ മലയോര മേഖലയിലാണ്‌ നാശം കൂടുതൽ. താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.


ജില്ലയിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. മഴ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ജില്ലയിലെ സ്കൂളുകൾക്ക്‌ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.


വിലങ്ങാട്‌ പുഴയും തോടുകളുമെല്ലാം നിറഞ്ഞുകവിഞ്ഞു. വനമേഖലയിലും ശക്തമായി മഴ തുടരുകയാണ്. മലയങ്ങാട് വാളൂക്കിലും പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വിലങ്ങാട് ടൗൺ പാലത്തിൽ വെള്ളം കയറി. കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളി പാനോം മേഖലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്‌. മയ്യഴി പുഴയിലും ജലനിരപ്പ് ഉയർന്നു. വിലങ്ങാട് ഉൾപ്പെടെയുള്ള മലയോര മേഖല ജാഗ്രത പാലിക്കുകയാണ്.


താമരശേരി ചുരം റോഡിൽ ഗതാഗത നിയന്ത്രണം


മഴ ശക്തമായ സാഹചര്യത്തിൽ താമരശേരി ചുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കലക്ടർ സ്നേഹിൽ കുമാർ സിങ്‌ നിർദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കേ ചുരത്തിൽ പ്രവേശനമനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പൊലീസ് പട്രോളിങ്‌ ശക്തമാക്കാനും നിർദേശമുണ്ട്‌. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻഡ്‌ റെസ്ക്യു, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങളോടും നിർദേശിച്ചു. കാലവർഷക്കെടുതികൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ വില്ലേജ്‌ ഓഫീസർമാരെ ചുമതലപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home