കാലവർഷപ്പെയ്‌ത്ത് കൂടുതൽ വടക്കൻ ജില്ലകളിൽ

കണ്ണൂർ
കാലവർഷം ആരംഭിച്ച് 100 ദിവസം പിന്നിട്ട കഴിഞ്ഞ ഞായർ വരെ സംസ്ഥാനത്ത് കൂടുതൽ മഴ ലഭിച്ചത് കാസർകോട്, കണ്ണൂർ ജില്ലകളിൽ. കാസർകോട്ട് 3702.3 മില്ലീമീറ്ററും കണ്ണൂരിൽ 3635.4 മില്ലീമീറ്ററും മഴ ലഭിച്ചു. കുറവ് കൊല്ലത്തും (1353.3 ) തിരുവനന്തപുരത്തും (1414.3) പാലക്കാട്ടും (1699.7). കോഴിക്കോട് കക്കയം സ്റ്റേഷനാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയ പ്രദേശം (6015 മില്ലീമീറ്റർ).
ഇത്തവണ കാലവർഷം തുടങ്ങിയത് മെയ് 24നാണ്. ശരാശരി 2414.1 മില്ലീമീറ്റർ മഴ പെയ്‌തു. കോഴിക്കോട്ട് 3026.6 മില്ലീമീറ്റർ മഴ കിട്ടി. കഴിഞ്ഞ 100 ദിവസത്തിൽ 93 ദിവസവും കാസർകോട് ദിവസം ശരാശരി ഒരു മില്ലീമീറ്ററിനുമുകളിൽ മഴ കിട്ടി. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ 91 ദിവസവും കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 90 ദിവസവും ശരാശരി ഒരു മില്ലീമീറ്ററിനുമുകളിൽ പെയ്‌തു.
ഓണത്തിന് പൊതുവിൽ നല്ല കാലാവസ്ഥയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. എന്നാൽ, ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയുണ്ട്. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനുമുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. അങ്ങനെവന്നാൽ ബുധൻ മുതൽ ശനിവരെ മധ്യ, വടക്കൻ ജില്ലകളിൽ കൂടുതൽ മഴപെയ്യും.









0 comments