നാശം വിതച്ച് തീവ്രമഴ ; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം
സംസ്ഥാനത്ത് അതിതീവ്ര മഴ ബുധൻകൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ തുടരുന്നത്. ബുധനാഴ്‌ച വടക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണം. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും (അതിതീവ്ര മഴ), മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്ത മഴ), എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. ചക്രവാതച്ചുഴികളുടെ സ്വാധീനത്തിലാണ് മഴ തീവ്രമായത്. മീൻപിടിക്കാൻ പോകരുത്.
അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
മഴകനത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. കെഎസ്‌ഇബിയുടെ കക്കി (79.19 ശതമാനം), മൂഴിയാർ (88.02), മാട്ടുപ്പെട്ടി (95.29), കല്ലാർകുട്ടി (96.72), ലോവർ പെരിയാർ (99.05), ഷോളയാർ (97.72), പെരിങ്ങൽകുത്ത് (62.71), ബാണാസുര സാഗർ (89.43) അണക്കെട്ടുകളിൽ റെഡ് അലർട്ട് (മൂന്നാംഘട്ട മുന്നറിയിപ്പ്) നൽകി. കുറ്റ്യാടിയിൽ (89.92) ഓറഞ്ച് അലർട്ടും (രണ്ടാംഘട്ട മുന്നറിയിപ്പ്), ഇടുക്കിയിൽ (70.82) നീല അലർട്ടും (ഒന്നാംഘട്ട മുന്നറിയിപ്പ്) നൽകി. ജലസേചന വകുപ്പിന്റെ മീങ്കര, വാളയാർ അണക്കെട്ടുകളിൽ റെഡ് അലർട്ടും പോത്തുണ്ടി, ചുള്ളിയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടുമാണ്.









0 comments