print edition തീവ്രമഴ: കുമളിയിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടൽ

കെ എ അബ്‌ദുൾ റസാഖ്
Published on Oct 20, 2025, 02:20 AM | 1 min read
കുമളി: രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയിൽ കുമളിയിൽ വ്യാപകനാശം. നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. റോഡിലേക്ക് ഇടിഞ്ഞിറങ്ങിയ മണ്ണിലേക്ക് സ്‌കൂട്ടർ നിയന്ത്രണം വിട്ടു കയറി മധ്യവയസ്കൻ മരിച്ചു.
വെള്ളി രാത്രി തുടങ്ങിയ എട്ടുമണിക്കൂറോളം നീണ്ട കനത്തമഴയിൽ പെരിയാർ കോളനി, വലിയ കണ്ടം, അട്ടപ്പള്ളം, റോസാപ്പൂക്കണ്ടം, കുമളി ടൗൺ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. വെള്ളാരംകുന്ന് മത്തൻ കടഭാഗത്ത് ശക്തമായ മഴയിൽ മണ്ണിലും ചെളിയിലും സ്‌കൂട്ടർ അകപ്പെട്ട് പറപ്പള്ളിൽ തോമസ്(തങ്കച്ചൻ –-66) മരിച്ചു.
നിരവധി വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. കുമളി ആദിവാസി കോളനി, ഒന്നാം മൈൽ, അട്ടപ്പള്ളം, പത്തുമുറി, വെള്ളാരംകുന്ന് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായി. ദേശീയപാതയിൽ കുമളി ടൗണിൽ വെള്ളം കയറി. നിരവധി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി ചെളി അടിഞ്ഞു. പെരിയാർ കോളനി, വലിയകണ്ടം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിയർ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ആനവച്ചാൽ വനപ്രദേശത്ത് കനാലിൽ മുളകൾ കൂട്ടമായി ഒടിഞ്ഞുവീണതും മാലിന്യങ്ങൾ അടിഞ്ഞതും മൂലം വെള്ളമൊഴുക്ക് തടസപ്പെട്ടു. ഇതാടെ ആനച്ചാൽ പെരിയാർ കോളനി പ്രദേശങ്ങളിൽ കനത്തനഷ്ടം ഉണ്ടാക്കി.
സംരക്ഷണഭിത്തികൾ തോട്ടിൽ പതിച്ചു
പെരിയാർ കോളനിക്ക് സമീപം തോട്ടിലേക്ക് സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണതും നീരൊഴുക്കിന് തടസ്സമായി. പ്രധാന കലുങ്കുകളിൽ വനം വകുപ്പ് സ്ഥാപിച്ച ഗ്രില്ലുകളും വെള്ളപ്പൊക്കത്തിന് ഇടയാക്കി.
റോസാപ്പൂക്കണ്ടത്ത് സ്വകാര്യ വ്യക്തികളുടെ വസ്തുവിന്റെ സംരക്ഷണഭിത്തികൾ വെള്ളപ്പൊക്കത്തിൽ തകർന്നുവീണു. ബസ്റ്റാൻഡിനു സമീപം നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.









0 comments