തീവ്രമഴ തുടരും ; ഡാമുകളിൽ 
ജലനിരപ്പ് ഉയർന്നു

rain
വെബ് ഡെസ്ക്

Published on May 30, 2025, 03:24 AM | 1 min read


തിരുവനന്തപുരം

സംസ്ഥാന വ്യാപകമായി തീവ്രമഴ തുടരുന്നു. ശക്തമായ കാറ്റും കടലാക്രമണവും കനത്ത നാശം വിതച്ചു. രണ്ടു ദിവസങ്ങളിലായി എട്ടു വീട്‌ പൂർണമായും 359 വീട്‌ ഭാഗികമായും തകർന്നു. 52 ദുരിതാശ്വാസ ക്യാമ്പുകളിലായി 404 കുടുംബങ്ങളിലെ 1351 പേരെ മാറ്റിപ്പാർ‌പ്പിച്ചു. പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശതമായി തുടരുന്നതും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവുമാണ്‌ മഴ തീവ്രമാകാൻ കാരണം. അടുത്ത രണ്ടു ദിവസംകൂടി തീവ്രമഴ തുടരുമെന്നാണ്‌ പ്രവചനം. വെള്ളിയാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ റെഡ്‌ അലർട്ടും (അതിതീവ്ര മഴ) മറ്റു ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (അതിശക്ത മഴ) പ്രഖ്യാപിച്ചു.


പല നദികളും കരകവിഞ്ഞൊഴുകുന്നു. പത്തനംതിട്ട മണിമല നദിയിൽ ഓറഞ്ചും, കോട്ടയം മീനച്ചിൽ, കോഴിക്കോട് കോരപ്പുഴ, പത്തനംതിട്ട അച്ചൻകോവിൽ, വയനാട് കബനി നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. അറബിക്കടലിൽനിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ വേഗംവർധിച്ചു. വ്യാഴം രാവിലെ വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂർ ചെറുവാഞ്ചേരിയിലാണ്‌. 14.8 സെന്റീമീറ്റർ.


ഡാമുകളിൽ 
ജലനിരപ്പ് ഉയർന്നു

കനത്ത മഴയിൽ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. പല ഡാമുകളിൽനിന്നും മുൻകരുതലായി നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കിത്തുടങ്ങി. 84.75 മീറ്റർ പരമാവധി ജലനിരപ്പുള്ള നെയ്യാർ ഡാമിൽ 83.37ലേക്ക് ഉയർന്നു. നാലുഷട്ടറുകൾ ഉയർത്തി. പ്രദേശവാസികൾക്ക്‌ ഒന്നാംഘട്ട മുന്നറിയിപ്പ് നൽകി. തൃശൂരിലെ പെരിങ്ങൽക്കുത്ത്‌ ഡാമിന്റെ പരമാവധി സംഭരണശേഷി 423.98 മീറ്ററാണ്‌. ഇത്‌ 420.60 മീറ്ററിലേക്ക്‌ ഉയർന്നു. മഴ തുടർന്നാൽ ഷട്ടറുകൾ ഉയർത്തിയേക്കും.


തൃശൂർ ജില്ലയിലെ പീച്ചി, പെരിങ്ങൽകുത്ത്, പാലക്കാട് ജില്ലയിൽ ശിരുവാണി, കാഞ്ഞിരംപുഴ, മലമ്പുഴ, പോത്തുണ്ടി, മൂലത്തറ ഡാമുകളും കല്ലട (കൊല്ലം), മലങ്കര (ഇടുക്കി), ഭൂതത്താൻകെട്ട് (എറണാകുളം), കുറ്റ്യാടി (കോഴിക്കോട്), കാരാപ്പുഴ (വയനാട്), പഴശി(കണ്ണൂർ) ഡാമുകളിൽനിന്ന്‌ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക്‌ ഒഴുക്കിത്തുടങ്ങി. മലങ്കരയിൽ 39.84മീറ്റർ, കാഞ്ഞിരംപുഴ(92.10), മൂലത്തറ (181.80), കുറ്റ്യാടി (39.32), പഴശി(22.90) ഡാമുകളിൽ വെള്ളം പരമാവധി ജലനിരപ്പിന് അടുത്തെത്തി.


ജാഗ്രതയോടെ

ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പത്തനംതിട്ടയിലെ മൂഴിയാർ ഡാമുകൾക്ക് റെഡ് അലർട്ടും ഇടുക്കിയിലെ പൊന്മുടി ഡാമിന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home