38 ദുരിതാശ്വാസ ക്യാമ്പ് തുറന്നു , 21 വീട്‌ പൂർണമായും 586 വീട്‌ ഭാഗികമായും തകർന്നു

തീവ്ര മഴ 
തുടരുന്നു ; അതീവ ജാഗ്രത , 2 ജില്ലയിൽ 
റെഡ്‌ അലർട്ട്‌

heavy rain

മലപ്പുറം വണ്ടൂർ പുളിയക്കോട്ട്‌ ഓടിക്കൊണ്ടിരുന്ന ബസിനുമുകളിൽ ആൽമരം വീണപ്പോൾ

വെബ് ഡെസ്ക്

Published on May 28, 2025, 01:59 AM | 2 min read


തിരുവനന്തപുരം

സംസ്ഥാനത്ത്‌ കനത്ത നാശം വിതച്ച്‌ അതിതീവ്ര മഴ തുടരുന്നു. കാറ്റും കടലാക്രമണവും രൂക്ഷമാണ്‌. അഞ്ചു ദിവസംകൂടി സ്ഥിതി തുടരുമെന്നാണ്‌ പ്രവചനം. കുറഞ്ഞ സമയംകൊണ്ട് വലിയ മഴ പെയ്‌തേക്കും. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം. നഗരപ്രദേശങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും മുന്നിൽകണ്ട്‌ അതീവ ജാഗ്രത പാലിക്കണമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. എല്ലാ ജില്ലയിലും താലൂക്ക്‌ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്‌.


കാലവർഷക്കെടുതിയിൽ ഇതുവരെ 20 പേർക്ക്‌ പരിക്കേറ്റു. 21 വീട്‌ പൂർണമായും 586 വീട്‌ ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 38 ദുരിതാശ്വാസ ക്യാമ്പുകളിലായി 301 കുടുംബങ്ങളിലെ 1036 പേരെ മാറ്റിപ്പാർപ്പിച്ചു.


2 ജില്ലയിൽ 
റെഡ്‌ അലർട്ട്‌

ഒഡിഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാന വ്യാപകമായി അതിശക്ത മഴയ്‌ക്ക്‌ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്‌ക്കും സാധ്യതയുണ്ട്. ബുധൻ കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ്‌ അലർട്ടും (അതിതീവ്ര മഴ) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടു(അതിശക്ത മഴ)മാണ്.


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത. വെള്ളിവരെ മീൻപിടിക്കാൻ പോകരുത്‌. സംസ്ഥാനത്ത്‌ കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ മുതൽ സെപ്തംബർ വരെ നീളുന്ന കാലവർഷത്തിൽ സാധാരണ മഴയുടെ 108 ശതമാനം മഴ ലഭിക്കും. ജൂണിൽ സാധാരണയോ സാധാരണയേക്കാൾ കൂടിയതോ ആയ മഴയ്‌ക്കാണ്‌ സാധ്യത.


3 മരണം

ചൊവ്വാഴ്‌ച സംസ്ഥാനത്ത് മൂന്ന് മരണം. പാലക്കാട് രണ്ട് പേരും തൃശൂരിൽ ഒരാളുമാണ് മരിച്ചത്. പാലക്കാട്‌ മീനാക്ഷിപുരത്ത് മരം കടപുഴകി വീടിന് മുകളിൽ വീണ് മുത്തുസ്വാമി പുതൂർ രാജന്റെ ഭാര്യ പാർവതി (50) മരിച്ചു. കുഴൽമന്ദത്ത്‌ തോട്ടിൽ മീൻ പിടിക്കാൻ പോയ തേങ്കുറുശി പനയംചിറ വീട്ടിൽ രമേഷ് (44) മുങ്ങി മരിച്ചു.


തൃശൂർ ചേരുംകുഴി മുരിക്കുംകുണ്ടിൽ കുളത്തിൽ വീണ് പത്തുവയസ്സുകാരൻ മുങ്ങി മരിച്ചു. നേർച്ചാൽ വീട്ടിൽ സുരേഷിന്റെ മകൻ സരുൺ (10) ആണ് മരിച്ചത്. മീൻപിടിക്കാൻ കുളത്തിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതിവീണ സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് മുങ്ങിത്താണത്.



ട്രെയിൻ സർവീസ്‌ താളംതെറ്റി

വിവിധയിടങ്ങളിൽ ട്രാക്കിലേക്ക്‌ മരം വീണതുമൂലം സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചയും ട്രെയിൻ ഗതാഗതം താറുമാറായി. മംഗളൂരു–--തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്‌പ്രസ് രണ്ടര മണിക്കൂർ വൈകി. വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ വന്നത് വൈകിട്ട് അഞ്ചിന്.


മടക്കയാത്രയും വൈകി. വൈകിട്ട് 4.05 ന് തിരുവനന്തപുരത്തുനിന്ന് തിരിക്കേണ്ട മംഗളൂരു വന്ദേഭാരത് (20632) ഒരു മണിക്കൂറിലേറെയാണ് വൈകിയത്. കോഴിക്കോട് ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് വൈകിയവയിലേറെയും.


മംഗളൂരു-–-കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് മൂന്നുമണിക്കൂറിലേറെ വൈകി. കണ്ണൂർ–-കോഴിക്കോട്‌ പാസഞ്ചർ, കോഴിക്കോട്‌–- ഷൊർണൂർ പാസഞ്ചർ, ഗാന്ധിധാം-–-തിരുനെൽവേലി ഹംസഫർ എക്‌സ്‌പ്രസ്, മംഗളൂരു–-തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രസ്, കണ്ണൂർ -–-തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ എന്നിവയും വൈകി.

തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെട്ട ട്രെയിനുകൾ പലതും വഴിയിൽ പിടിച്ചിട്ടു. തിരുവനന്തപുരം -–-കാസർകോട് വന്ദേഭാരത്‌, തിരുവനന്തപുരം–--ജാംനഗർ എക്‌സ്‌പ്രസ്, തിരുവനന്തപുരം- മംഗളൂരു ഏറനാട് എക്‌സ്‌പ്രസ്, ഷൊർണൂർ–-കണ്ണൂർ മെമു, എറണാകുളം–-കണ്ണൂർ ഇന്റർസിറ്റി, തൃശൂർ–-കണ്ണൂർ എക്‌സ്‌പ്രസ്, കോയമ്പത്തൂർ–-മംഗളൂരു ഇന്റർസിറ്റി, നിലമ്പൂർ റോഡ്‌–-ഷൊർണൂർ പാസഞ്ചർ എന്നിവയും വൈകി.



deshabhimani section

Related News

View More
0 comments
Sort by

Home