മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്രമഴ തുടരുന്നു
കനത്ത മഴയിൽ വ്യാപക നാശം ; 4 മരണം

തിരുവനന്തപുരം
സംസ്ഥാനത്ത് തുടരുന്ന തീവ്രമഴയിൽ വ്യാപക നാശം. മഴക്കെടുതിയിൽ കണ്ണൂരിൽ രണ്ടുപേരും ഇടുക്കിയിൽ രണ്ടുപേരും മരിച്ചു. കണ്ണൂർ കോളയാട് ചുഴലിക്കാറ്റിൽ വീട് തകർന്ന് പെരുവ തെറ്റുമ്മൽ എനിയാടൻ ചന്ദ്രനും(78) പഴയങ്ങാടി ചൂട്ടാട് ബീച്ചിൽ മീൻപിടിത്ത ബോട്ടുമറിഞ്ഞ് കന്യാകുമാരി പുത്തുംതുറയിലെ സലോമോൻ ലോപ്പസ് എലീസ് (63) ആണ് മരിച്ചത്. ഇടുക്കിയിൽ ഉടുമ്പൻചോല കല്ലുപാലത്ത് മരം വീണ് തമിഴ്നാട് തമ്മനായക്കൻപട്ടി സ്വദേശി ലീലാവതി (58), കൊച്ചി –ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ ഗവ. കോളേജിനുസമീപം ലോറിക്കുമുകളിൽ മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേഷൻ (56) എന്നിവരാണ് മരിച്ചത്.
പയ്യന്നൂർ പാലക്കോട് അഴിമുഖത്ത് മണൽത്തിട്ടയിലിടിച്ച് മറിഞ്ഞ ബോട്ടിൽനിന്ന് മത്സ്യത്തൊഴിലാളിയെ കാണാതായി. പുഞ്ചക്കാട് സ്വദേശി എൻ പി അബ്രഹാമി(49)നെയാണ് കാണാതായത്.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തുടരുന്ന തീവ്രമഴയിലും ശക്തമായ കാറ്റിലും പലയിടത്തും മരങ്ങൾ കടപുഴകി. ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ അതീതീവ്രമഴയാണ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കനത്ത മഴ തുടരുകയാണ്. തീവ്രത കുറയുമെങ്കിലും ഞായറാഴ്‌ചയും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരാനാണ് സാധ്യത.
ഗുജറാത്ത് തീരംമുതൽ വടക്കൻ കേരളതീരംവരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിലാണ് മഴ തീവ്രമായത്. ഞായറാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിലവിൽ മഞ്ഞ അലർട്ടാണ് (ശക്തമായ മഴ). ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.









0 comments