മഴ കനത്തു ; ഇന്ന് 6 ജില്ലയിൽ ഓറഞ്ച് അലർട്ട് , ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം
സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ട് (അതിശക്ത മഴ) പ്രഖ്യാപിച്ചു. രണ്ടുദിവസവും മറ്റു ജില്ലകളിൽ മഞ്ഞ അലർട്ട് (ശക്തമായ മഴ) ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ട്.
പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ' ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിച്ചു. ഇനിയും ശക്തിപ്രാപിച്ച് പശ്ചിമ ബംഗാൾ, ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. മഹാരാഷ്ട്രതീരംമുതൽ കേരളതീരംവരെ ന്യൂനമർദ പാത്തിയും രൂപപ്പെട്ടു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കൾവരെ ജാഗ്രത അറിയിപ്പുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ഷിറിയ നദിയിൽ മഞ്ഞഅലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശനിവരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന പത്തനംതിട്ട മണിമല, അച്ചൻകോവിൽ നദികളിൽ ഓറഞ്ച് അലർട്ടും കാസർകോട് മൊഗ്രാൽ, കൊല്ലം പള്ളിക്കൽ, പത്തനംതിട്ട പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.









0 comments