എയിംസ് കേരളത്തിന് അർഹതപ്പെട്ടത്; തർക്കങ്ങളുടെ പേരിൽ മാറ്റിനിർത്തരുത്: ആരോഗ്യമന്ത്രി

വീണാ ജോർജ്
തിരുവന്തപുരം: തർക്കങ്ങളുടെ പേരിൽ കേരളത്തിന് അർഹതപ്പെട്ട എയിംസ് അനുവദിക്കാതിരിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരു പതിറ്റാണ്ടിലേറെ നീളുന്ന ആവശ്യമാണ് കേരളത്തിന് എയിംസ് അനുവദിക്കണമെന്നുള്ളത്. പല സംസ്ഥാനങ്ങൾക്കും രണ്ട് എയിംസ് നൽകിയിട്ടുണ്ട്. കേരളത്തെ മാത്രം മാറ്റിനിർത്തരുത്. ബിജെപി കലഹങ്ങൾ കാരണം എയിംസ് എന്നുള്ള കേരളത്തിന്റെ ആവശ്യം മാറ്റിവെക്കപ്പെടാൻ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലഘട്ടത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ഈ സർക്കാരിന്റെ തുടക്കകാലത്ത് അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന മൻസൂഖ് മാണ്ഡവ്യയെ കണ്ട് വീണ്ടും സംസാരിച്ചു. ഇപ്പോഴത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയോടും ആവശ്യം ഉന്നയിച്ചു. രണ്ടുപേരും വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്.
എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം ഏതാണെന്ന് സംസ്ഥാന സർക്കാരിനോട് ചോദിച്ചപ്പോൾ കോഴിക്കോട് ജില്ലയിലെ കിനാലൂർ നിർദേശിച്ചു. വ്യവസായ വകുപ്പിന് കീഴിലുണ്ടായിരുന്ന 150 ഏക്കറിലെ സ്ഥലവും അധികമായി 50 ഏക്കറും ഏറ്റെടുത്ത് നടപടി ക്രമങ്ങൾ സ്വീകരിച്ചു. എല്ലാ രേഖകളും സഹിതം കേന്ദ്രസർക്കാരിന് അയക്കുകയും ചെയ്തു. കേന്ദ്ര ധനമന്ത്രാലയത്തിന് പ്രൊപ്പോസൽ കൈമാറി. കേരളത്തിന് വേണോ വേണ്ടയോ എന്ന രാഷ്ട്രീയ തീരുമാനമാണ് ഇനി എടുക്കാനുള്ളതെന്നാണ് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.









0 comments