വിദ്യ ഹാപ്പിയാണ്: മറക്കില്ല സർക്കാരിന്റെയും മന്ത്രിയുടേയും കരുതൽ

മന്ത്രി വീണാജോർജ് വിദ്യയുമായി സംസാരിക്കുന്നു

വി എസ് വിഷ്‌ണുപ്രസാദ്
Published on May 18, 2025, 05:32 PM | 2 min read
പത്തനംതിട്ട: രണ്ടാംപിണറായി സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന, വിപണനമേളയാണ് വേദി. മേള ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാജോർജ് തന്റെ വകുപ്പായ വനിതാ വികസന കോർപറേഷന്റെ സ്‌റ്റാളിലുമെത്തി. സ്‌റ്റാളിന്റെ ചുമതലയിലുണ്ടായിരുന്ന വിദ്യ എന്ന ചെറുപ്പക്കാരിയെ മന്ത്രി ചേർത്തുപിടിച്ചു. അവളുടെ കൈകളിലേക്ക് നോക്കി. രണ്ടുകൈകളും തുന്നിച്ചേർത്ത പാടുകൾ തെളിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. വിദ്യയെ പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകണ്ട എന്ന് ചിന്തിച്ചതുകൊണ്ടാകാം മന്ത്രി അക്കാര്യങ്ങളൊന്നും ചർച്ച ചെയ്യാതെ അവളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയശേഷം ‘വീണ്ടും കാണാം’ എന്ന് വാക്കുനൽകി മടങ്ങി.
പിന്നീട് മന്ത്രിതന്നെ വിദ്യയുടെ അതിജീവന കഥ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചു. പത്തനംതിട്ടക്കാർ ഇന്നുമോർക്കുന്ന ഗാർഹികപീഡനത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് കലഞ്ഞൂർ സ്വദേശി എസ് വിദ്യയെന്ന 30 കാരി.
സംശയരോഗിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാതെ അച്ഛനമ്മമാരുടെ അടുത്തേക്ക് പോയതായിരുന്നു വിദ്യ. എന്നാൽ ഭർത്താവ് പിന്തുടർന്നെത്തി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. കഴുത്ത് ലക്ഷ്യമാക്കിയുള്ള വെട്ട് തടുക്കുമ്പോൾ അവളുടെ ഇരുകൈകളും മുറിഞ്ഞ് തെറിച്ചു. തടയാൻ ശ്രമിച്ച വിദ്യയുടെ അച്ഛനേയും വെട്ടിവീഴ്‌ത്തി.
2022 സെപ്‌തംബർ 17ന് രാത്രി എട്ടോടെയാണ് കലഞ്ഞൂരിലെ വീട്ടിലെത്തി ഭർത്താവ് വിദ്യയെ അതിക്രൂരമായി ആക്രമിച്ചത്. മുറിഞ്ഞുവീണ ഇടതുകൈയും വലതുകൈപ്പത്തിയും തോർത്തിൽപൊതിഞ്ഞെടുത്ത് ബന്ധുക്കളും നാട്ടുകാരും വിദ്യയെ കൊണ്ടുപോയത് തിരുവനന്തപുരത്തെ സ്വാര്യാശുപത്രിയിലേക്കായിരുന്നു. ഒരു ജീവൻ തിരിച്ചുപിടിക്കുന്നതിന് ആശുപത്രിക്കാർ ആവശ്യപ്പെട്ടത് 10 ലക്ഷത്തിലധികം രൂപ.
അവിടെനിന്നാണ് മന്ത്രി വീണാ ജോർജും വിദ്യയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. സംഭവമറിഞ്ഞ് മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ നിർദേശിച്ചു. സ്വകാര്യാശുപത്രി മുറ്റത്തുനിന്ന് ആംബുലൻസ് അതിവേഗം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞെത്തി. ആ രാത്രിയിൽ തന്നെ മണിക്കൂറുകൾനീണ്ട ആദ്യ ശസ്ത്രക്രിയ നടത്തി. 58 ദിവസത്തെ ആശുപത്രി ജീവിതത്തിനിടയിൽ പ്ലാസ്റ്റിക് സർജറിയുൾപ്പെടെ നിരവധി ശസ്‌ത്രക്രിയകൾക്ക് വിദ്യ വിധേയയായി.
മുറിഞ്ഞ് മാറിയ അവളുടെ ഞരമ്പുകളിലൂടെ വീണ്ടുംരക്തം ഒഴുകാൻ തുടങ്ങി. 80 ശതമാനം ചലനശേഷി തിരിച്ചുകിട്ടുമെന്നും അതിന് കുറച്ചുകാലമെടുക്കുമെന്നും ഡോക്ടർമാർ വിദ്യയോടുപറഞ്ഞു. അഞ്ചുവയസുള്ള മകനെ പോറ്റാൻ മറ്റുമാർഗമൊന്നുമില്ലാതെ പകച്ചുനിന്നപ്പോഴും അവൾക്ക് മന്ത്രിയും സർക്കാരും കരുതലേകി. മന്ത്രി ഇടപെട്ട് വനിത വികസന കോർപറേഷനിൽ താൽകാലിക ജോലി നൽകി.
തുന്നിച്ചേർത്ത കൈകൾകൊണ്ട് ഇപ്പോൾ വെള്ളംകുടിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടെന്ന് വിദ്യ പറഞ്ഞു. ‘‘ഒരു സഹോദരിയേപ്പോലെയാണ് മന്ത്രി എനിക്കുവേണ്ടി ഇടപെട്ടത്. എന്റെയും അച്ഛന്റേയും ചികിത്സാചെലവ് മുഴുവൻ സംസ്ഥാന സർക്കാർ വഹിച്ചു. അതിന്റെ നന്ദിയും കടപ്പാടും എന്നും മന്ത്രിയോടും ഈ സർക്കാരിനോടുമുണ്ടാകും’’–- വിദ്യ പറഞ്ഞു. ബികോം ബിരുദധാരിയാണ്. പിഎസ്‌സി പരീക്ഷയെഴുതി സ്ഥിരം ജോലി സമ്പാദിക്കാനുള്ള പരിശ്രമത്തിലാണ് വിദ്യ.









0 comments