പുനരുപയോഗത്തിന്റെ പുതിയ സാധ്യതകൾ ; പുത്തന്‍ മാതൃക സൃഷ്‌ടിച്ച് ‘ഹരിയാലി’

കൊച്ചി
ഹരിതകർമസേനയുടെ പ്രവർത്തനങ്ങളിൽ പുതിയ മാതൃകകൾ സൃഷ്‌ടിച്ച വടകര മുനിസിപ്പാലിറ്റിയുടെ "ഹരിയാലി' കേരള അർബൻ കോൺക്ലേവിന്റെ ഭാഗമായുള്ള പ്രദർശനത്തിലും ശ്രദ്ധനേടുന്നു. തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സുസ്ഥിര വരുമാനമാർഗം ഒരുക്കുന്നതിന് മികച്ച ഉദാഹരണമാണ് ഹരിയാലി. ശേഖരിക്കുന്ന മാലിന്യത്തിൽനിന്ന് അവർ ഉണ്ടാക്കിയ ഉൽപ്പന്നങ്ങളും മറൈൻഡ്രൈവിൽ നടക്കുന്ന പ്രദർശനത്തിൽ കാണാം.
പഴയ ഫ്രിഡ്‌ജ് ഉപയോഗിച്ച് നിർമിച്ച പ്രസംഗപീഠം, പൊട്ടിയ ടൈൽ കഷ്‌ണങ്ങൾ ഉപയോഗിച്ചുള്ള ചെടിച്ചട്ടി, പഴയതുണികളിൽനിന്ന് നെയ്‌തെടുക്കുന്ന ചവിട്ടി, തുണി ബാഗുകൾ, വലിയ ടിവി സ്‌ക്രീനും ടയറുകളും കൊണ്ടുള്ള മേശ, ടയർകൊണ്ടുള്ള ഇരിപ്പിടങ്ങൾ തുടങ്ങി പുനരുപയോഗത്തിന്റെ വലിയ സാധ്യതകളാണ് സ്റ്റാളിൽ കാണാവുന്നത്.
ഉപയോഗശൂന്യമായ കുടത്തുണികൊണ്ട് നിർമിച്ച, മീൻ വാങ്ങാനുള്ള ബാഗാണ് കൂടുതൽപേർ വാങ്ങുന്നതെന്ന് ഹരിതകർമസേനാംഗങ്ങളായ വി പി അനിത, അജിത മാധവൻ എന്നിവർ പറഞ്ഞു. കഴുകി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
ഹരിയാലി മാത്രമല്ല, നഗരവികസനം, ജൈവ- ഖരമാലിന്യ സംസ്‌കരണം, മലിനജല സംസ്‌കരണം, മാലിന്യങ്ങളുടെ പുനരുപയോഗം, പാര്‍പ്പിട നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ റിയല്‍ കേരള സ്‌റ്റോറിയാണ് പ്രദർശനത്തിലുള്ളത്. ആറ് കോര്‍പറേഷനുകളും പ്രധാന മുനിസിപ്പാലിറ്റികളും നഗരവികസന-മാലിന്യസംസ്‌കരണ മേഖലകളില്‍ നടപ്പാക്കിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന സ്റ്റാളുകളുണ്ട്. ശുചിത്വ മിഷന്‍, ആര്‍ദ്രം മിഷന്‍, ലൈഫ് മിഷന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, കില, സപ്ലൈകോ, കുടുംബശ്രീ, സ്‌പൈസസ് ബോര്‍ഡ്, സംസ്ഥാന വെയ്‌സ്‌റ്റ് മാനേജ്‌മെന്റ് സെല്‍, പട്ടികവര്‍ഗ വികസനവകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗോശ്രീ ഐലന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സ്റ്റാളുകളുമുണ്ട്. 15 വരെയാണ് പ്രദര്‍ശനം.









0 comments