നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ: മൊബൈൽ ആപ്പ് പരിശീലനവുമായി ഹരിതകേരളം മിഷൻ

തിരുവനന്തപുരം : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു നടപ്പാക്കി വരുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രായോഗിക പരിശീലന പരിപാടി തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ ആരംഭിച്ചു. രണ്ടു ദിവസത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി എൻ സീമ നിർവഹിച്ചു.
നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ആപ്പ് മുഖേനയുള്ള പ്രവർത്തനങ്ങൾ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പാരിസ്ഥിതിക സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനമായിരിക്കുമെന്ന് ഡോ. ടി എൻ സീമ അഭിപ്രായപ്പെട്ടു.
പരിശീലനത്തിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗം സംബന്ധിച്ച് കരകുളം ഗ്രാമപഞ്ചായത്തിലെ 15 സ്ഥാപനങ്ങൾ സന്ദർശിച്ച് പൈലറ്റ് ഫീൽഡ് സർവേയും പ്രായോഗിക പരിശീലനവും നൽകും. ഈ സ്ഥാപനങ്ങളിൽ നിന്ന് നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ - മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരണവും നടക്കും. സംസ്ഥാനത്ത് തിരഞ്ഞെടുത്ത 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നെറ്റ് സീറോ കാർബൺ ക്യാമ്പയിൻ നടത്തുന്നത്. ആദ്യഘട്ടമായി മാർച്ച് 15 നകം ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 30 സ്ഥാപനങ്ങളുടെ വിവര ശേഖരണം നെറ്റ് സീറോ മൊബൈൽ ആപ്പ് ഉപയോഗിച്ച് ശേഖരിച്ച് തുടർ നടപടികൾ ആസൂത്രണം ചെയ്യും. സംസ്ഥാനത്ത് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നെറ്റ് സീറോ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ, ഇന്റേൺഷിപ് ട്രെയിനിമാർ എന്നിവരെ പങ്കെടുപ്പിച്ചാണ് ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.









0 comments