ഹരിത കേരളം മിഷൻ: നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും

തിരുവനന്തപുരം: ഹരിതകേരളം മിഷൻ സ്കൂൾ വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും സംഘടിപ്പിക്കും. 25ന് ബ്ലോക്കുതലത്തിലും 29ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ച് മെയ് 16 മുതൽ മൂന്നു ദിവസം അടിമാലിയിലും മൂന്നാറിലുമായി പഠനോത്സവ ക്യാമ്പ് നടത്തും. 7,8,9 ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഹരിതകേരളം മിഷൻ ജില്ലാ ഓഫീസുകൾ, റിസോഴ്സ് പേഴ്സൺമാർ വഴി വിശദവിവരങ്ങൾ അറിയാം. ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താം.
പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ച് ഇന്ററാക്ടീവ് രീതിയിലാണ് ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും. വിജയികൾക്ക് പ്രത്യേകം സർട്ടിഫിക്കറ്റും നൽകും. ബ്ലോക്ക്-, ജില്ലാതലത്തിൽ നടക്കുന്ന ക്വിസ് പരിപാടിയിൽ വിദ്യാകിരണം മിഷന്റെ സഹകരണം ഉണ്ടാകും. വിനോദവും വിജ്ഞാനവും കോർത്തിണക്കി ശില്പശാലകൾ, കുട്ടികളുടെ പഠനങ്ങൾ, ഫീൽഡ് പ്രവർത്തനങ്ങൾ, പാട്ടുകൾ, കളികൾ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുത്തിയാണ് പഠനോത്സവം. മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്ന കുട്ടികൾക്കുള്ള താമസവും ഭക്ഷണവും സൗജന്യമാണ്. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുൻനിർത്തിയാണ് വേനൽ അവധിക്കാലത്ത് ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ അറിയിച്ചു. ഫോൺ: 9496100303, 9539123878.









0 comments