ഹരിതകേരളം മിഷൻ പരിസ്ഥിതിസംഗമത്തിന് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം : ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമത്തിന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ തുടക്കമായി. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ.ടി.എൻ.സീമ ആമുഖ അവതരണം നടത്തി. തുടർന്ന് പരിസ്ഥിതി ജലസംരക്ഷണ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുകരിക്കാവുന്ന വൈവിധ്യമാർന്ന പരിസ്ഥിതിക മാതൃകകളുടെ അവതരണങ്ങൾ ആരംഭിച്ചു. നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, ജലസുരക്ഷ, കൃഷി-പരിസ്ഥിതി പുനഃസ്ഥാപനം എന്നീ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ 78 പ്രബന്ധങ്ങളാണ് സംഗമത്തിൽ അവതരിപ്പിക്കുന്നത്.
സംഗമം ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.
നെറ്റ്സീറോ കാർബൺ കേരളം ജനങ്ങളിലൂടെ മൊബൈൽ ആപ്, ക്യാമ്പയിൻ മാർഗരേഖ, നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ പ്രബന്ധ സമാഹാരം എന്നിവയുടെ പ്രകാശനവും, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ മികച്ച പാരിസ്ഥിതിക ഇടപെടലുകൾക്ക് നേതൃത്വം നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവരെ ആദരിക്കലും സംഗമത്തിൽ നടക്കും.









0 comments