പശ്ചിമഘട്ടത്തിൽ വിത്തെറിഞ്ഞ നീലമ്മ ഹരിത കേരളം മിഷന്റെ പരിസ്ഥിതി സംഗമത്തിലേക്ക്‌

neelamma

നീലമ്മ

വെബ് ഡെസ്ക്

Published on Mar 23, 2025, 05:53 PM | 1 min read

തിരുവനന്തപുരം: ഹരിത കേരളം മിഷന്റെ പരിസ്ഥിതി സംഗമത്തിൽ പശ്ചിമഘട്ടത്തിലെ തരിശിട്ടു കിടക്കുന്ന തണ്ണീർത്തടങ്ങൾ നെൽകൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രചോദനമായ ഇടുക്കിയിൽ നിന്നുള്ള നീലമ്മയും പങ്കുചേരും. കുഞ്ചിപ്പെട്ടിയിലെ പാടശേഖരം കതിരണിഞ്ഞത് നീലമ്മയ്ക്ക് സ്വ‌പ്ന സാഫല്യമായിരുന്നു.


പതിറ്റാണ്ടുകളായി തരിശുഭൂമിയായി കിടന്ന കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഹരിത കേരളം മിഷൻ തുടക്കം കുറിക്കുമ്പോൾ വലിയ വെല്ലുവിളി ഉയർത്തിയത് നെൽപ്പാടങ്ങളിൽ ഒരാൾ പൊക്കത്തിൽ വളർന്ന് നിന്നിരുന്ന താന്നിപ്പുല്ലായിരുന്നു. ഇത് നീക്കം ചെയ്യുന്നതിനുള്ള വലിയ അധ്വാനവും സാമ്പത്തികവും ആളുകളെ പിന്തിരിപ്പിച്ചു. ഈ സങ്കോചങ്ങൾക്കിടയിൽ നിന്നും ഒരു മുത്തശ്ശിയും മുത്തശ്ശനും മുന്നോട്ടു വന്നു. നീലമ്മയും കുമാരസ്വാമിയും. പ്രായമേറെയായെങ്കിലും തങ്ങളെ വളർത്തിയ മണ്ണിലേക്ക് ഈ വൃദ്ധ ദമ്പതികൾ ഇറങ്ങി. ഉഴുതുമറിച്ച് പാടത്ത് വിത്തെറിഞ്ഞു. വിളഞ്ഞത് നൂറുമേനി.


ഇവരുടെ ഇടപെടൽ പ്രദേശത്തിനാകെ ഊർജ്ജം പകർന്നു. മടിച്ചു തിന്ന കർഷകരെല്ലാം ആവേശത്തോടെ നെൽകൃഷിയിലേക്ക്. അങ്ങനെ തരിശായ പാടശേഖരം കതിരണിഞ്ഞു. അഞ്ചേക്കറിൽ തുടങ്ങിയ കൃഷി ഇന്ന്, ഹരിത കേരളം മിഷന്റെ സഹായത്തോടെ 15 ഏക്കറിലേക്ക് വ്യാപിച്ചു.വനപ്രദേശത്തിനുനടുവിൽ വന്യമൃഗങ്ങളോട് മല്ലടിച്ചാണ് സ്വന്തം നാടിന്റെ പേരിൽ കുഞ്ചിപ്പെട്ടി അരി ഇവർ ‘ബ്രാൻഡാ’ക്കി മാറ്റിയത്. ഇത്തവണത്തെ വിളവെടുപ്പിൽ 5000 കിലോ നെല്ല് ലഭിച്ചു.


തരിശിട്ടു കിടന്നിരുന്ന പശ്ചിമഘട്ട മേഖലയിലെ ഈ തണ്ണീർത്തടം വ്യാപകമായ നെൽകൃഷിയിലേക്ക് കൊണ്ടു വരുന്നതിന് പ്രചോദനം നൽകിയ നീലമ്മയെ കഴിഞ്ഞ കർഷക ദിനത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് മികച്ച വനിത കർഷകക്കുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു. അടിമാലിയിലെ മലയോര മേഖലയിലുള്ള തണ്ണീർത്തടമാണ് കട്ടമുടിയിലേത്. കട്ടമുടിയിലെയും മലയോര മേഖലയിലെ താഴ് വാരത്തെയും പ്രധാന ജലസ്രോതസ്സാണിത്. നാണ്യ വിളകളായ ഏലം കൃഷിയിലേക്ക് തരം മാറിക്കൊണ്ടിരുന്ന തണ്ണീർത്തടത്തെ തിരിച്ചു നെൽകൃഷിയിലേക്ക് കൊണ്ടുവന്നതോടെ പ്രദേശത്തെ സ്വാഭാവിക ആവാസ വ്യവസ്ഥ തണ്ണീർത്തടമായി നിലനിർത്തുന്നതിനും ഇതിനു ചുറ്റുമുള്ള പ്രദേശത്തെ ജലസ്രോതസ്സുകളുടെ നിലവാരം ഉയർത്തുന്നതിനും സാധിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home