മാലിന്യം പ്രശ്‌നമാകില്ല;
വിളിപ്പുറത്ത്‌ ഹരിതകർമസേന

ranking
avatar
സ്വന്തം ലേഖകൻ

Published on Aug 17, 2025, 01:44 AM | 1 min read

തിരുവനന്തപുരം : വീടുകളിൽ വിശേഷാവസരങ്ങളിലും മറ്റും ഉണ്ടാകുന്ന അജൈവമാലിന്യം എങ്ങനെ ഒഴിവാക്കുമെന്ന്‌ ഓർത്ത്‌ ആശങ്ക വേണ്ട. ഒറ്റ മെസേജ്‌ മതി, ഹരിത കർമസേന വീട്ടിലെത്തും. നിലവിലെ ഹരിതമിത്രം ആപ്പ്‌ ‘ഹരിതമിത്രം 2.0’ എന്ന പേരിൽ പരിഷ്‌കരിച്ചതോടെ മാലിന്യ സംസ്‌കരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകും. കെ സ്‌മാർട്ടുമായി സംയോജിപ്പിച്ചാണ്‌ ഹരിതമിത്രം 2.0 യുടെ പ്രവർത്തനം. നിലവിൽ സംസ്ഥാനത്തെ 14 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തിരുവനന്തപുരം കോർപറേഷനിലും പദ്ധതി നടന്നുകൊണ്ടിരിക്കുന്നു. ആദ്യഘട്ടം ഹരിതകർമസേനാംഗങ്ങൾക്ക്‌ ലഭ്യമാക്കുന്ന ആപ്പിന്റെ സേവനം ഒരുമാസത്തിനുള്ളിൽ പൊതുജനങ്ങൾക്കുകൂടി ലഭിക്കും. ഹരിതകർമസേനക്കുള്ള യൂസർ ഫീ ഓൺലൈനായി അടയ്‌ക്കാനാകും. പൊതുജനങ്ങൾക്ക്‌ പരാതി ഉണ്ടെങ്കിൽ അറിയിക്കാനും സംവിധാനം ഒരുക്കും. ഹരിത കർമസേന മാലിന്യ ശേഖരണത്തിന്‌ എത്തുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കും. ആ ദിവസം അസ‍ൗകര്യം ഉണ്ടെങ്കിൽ മറ്റൊരു സമയം നിശ്‌ചയിക്കാം. സ്‌പെഷ്യൽ ഡ്രൈവ്‌ സംബന്ധിച്ച വിവരങ്ങളും വിരൽത്തുമ്പിലെത്തും. ഡോർ നമ്പറുമായി ബന്ധിപ്പിച്ചാകും പ്രവർത്തനം. യൂസർ ഫീ നൽകാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരം കൃത്യമായി മനസിലാക്കാനാകും. യൂസർ ഫീസ് നൽകാത്തവരിൽനിന്ന് നിശ്ചിതസമയം കഴിഞ്ഞാൽ പിഴ ഈടാക്കാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. യൂസർഫീയും പിഴത്തുകയും കെട്ടിടനികുതി കുടിശികയായി കണക്കാക്കും. ഫ്ലാറ്റുകളിൽ നിന്നു പൊതുവായി മാലിന്യം ശേഖരിക്കുന്നതിനുള്ള സ‍ൗകര്യവും ഒരുക്കും. മാലിന്യശേഖരണവും മാലിന്യനീക്കവുമടക്കം ട്രാക്ക്‌ ചെയ്യപ്പെടും. സംസ്ഥാനത്തെ മുഴുവൻ ഹരിത കർമ സേന അംഗങ്ങൾക്കും ‘ഹരിതമിത്രം 2.0’ ആപ്‌ സംബന്ധിച്ച്‌ പരിശീലനം നൽകി. ഇൻഫർമേഷൻ കേരള മിഷൻ ആണ്‌ ആപ്‌ രൂപകൽപ്പന ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home