പാതിവില തട്ടിപ്പ്: 1343 കേസുകൾ രജിസ്റ്റർ ചെയ്തു; മുഖ്യപ്രതികൾ അറസ്റ്റിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാതിവിലയ്‌ക്ക് ഇരുചക്രവാഹനങ്ങളും ലാപ്‌ടോപ്പും ഉൾപ്പെടെ വാഗ്‌ദാനംചെയ്‌ത് വഞ്ചിച്ച കേസുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേര്‍ തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രൈംബ്രാഞ്ച് എഡിജിപിയ്ക്കാണ് അന്വേഷണ ചുമതല. മുഖ്യപ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു. മുഖ്യ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇനിയും ഇത്തരം തട്ടിപ്പ് പുറത്ത് വരാൻ ഉണ്ട്. പ്രമുഖ വ്യക്തികൾക്ക് ഒപ്പം നിന്നുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആയിരുന്നു തട്ടിപ്പ്. ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ചേർന്നവർക്ക് പാതി വിലയിൽ സ്‌കൂട്ടർ ലഭിച്ചു. പിന്നീട് ചേർന്നവരാണ് തട്ടിപ്പിനിരയായത്.
തട്ടിപ്പിന് ഇരയാവർക്ക് ഒപ്പമാണ് സർക്കാർ. അന്വേഷണ ഭാഗമായി ഇനിയും കുറെയധികം വിവരങ്ങൾ പുറത്തുവരാനുണ്ട്. വിശ്വാസ്യത നേടിയെടുക്കാൻ ഫീൽഡ് തലത്തിൽ കോഡിനേറ്റർമാരെ നിയമിച്ചായിരുന്നു തട്ടിപ്പെന്നും രാഷ്ട്രീയക്കാർക്ക് പങ്കുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തട്ടിപ്പുകാർ നൽകുന്ന മോഹന വാഗ്ദാനങ്ങളിൽ പൊതുജനങ്ങൾ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. എന്നെ ഒന്ന് പറ്റിച്ചോളൂ എന്ന് പറഞ്ഞു അങ്ങോട്ട് പോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും സമൂഹം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
0 comments