പാതിവില തട്ടിപ്പ്: അനന്തുകൃഷ്‌ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൽപ്പറ്റ : ഇരുചക്രവാഹനങ്ങളടക്കം പകുതി വിലയ്‌ക്ക് നൽകാമെന്ന് വാഗ്ദാനം നൽകി സംസ്ഥാനത്താകെ കോടികളുടെ തട്ടിപ്പുനടത്തിയ അനന്തു കൃഷ്‌ണനെ ഇന്ന് കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് കസ്റ്റഡി ആവശ്യപ്പെടും. ചൊവ്വാഴ്‌ച ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. വ്യാഴം ബത്തേരി കോടതിലും പ്രതിയെ ഹാജരാക്കും.
ഇന്നലെ കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അനന്തു കൃഷ്‌ണനെ റിമാൻഡ് ചെയ്‌തു. വൈത്തിരി സബ് ജയിലിലേക്കാണ് റിമാൻഡു ചെയ്‌തത്. മൂവാറ്റുപുഴ സബ് ജയിലിൽ നിന്നും വയനാട്ടിലെ കേസുകളുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു. ജില്ലയിൽ രജിസ്റ്റർചെയ്‌ത 45 കേസുകളുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിൽ നൽകിയത്. കൽപ്പറ്റ, വൈത്തിരി, ബത്തേരി, മാനന്തവാടി, പനമരം, അമ്പലവയൽ, പുൽപ്പള്ളി സ്‌റ്റേഷനുകളിൽ കേസുണ്ട്.
തട്ടിപ്പിലെ രണ്ടാം പ്രതിയാണ് അനന്തുകൃഷ്‌ണൻ. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒന്നാംപ്രതി ആനന്ദകുമാറിനെ ജയിലെത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആനന്ദകുമാർ ഓൺലൈനിലൂടെ കോടതിയിൽ ഹാജരാകുന്നുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് പുറമേ ഗൃഹോപകരണങ്ങൾ, ലാപ്‌ടോപ്പ്, മൊബൈൽ, തയ്യൽ യന്ത്രം എന്നിവയ്‌ക്ക് പണം നൽകിയ ആയിരത്തിലേറെ പേരാണ് ജില്ലയിൽ വഞ്ചിക്കപ്പെട്ടത്. ഏഴര കോടിയിൽ അധികംരൂപ ജില്ലയിൽ നിന്നും തട്ടി. എൻജിഒ പ്രോജക്ട് കൺസൾട്ടിങ് ഏജൻസി എന്ന പേരിൽ തട്ടിപ്പ് നടത്തുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ട്രസ്റ്റിലെ മറ്റു അംഗങ്ങളെ കേന്ദ്രീകരിച്ചും കേസും അന്വേഷണവും നടക്കുകയാണ്. 110 സിസി സ്‌കൂട്ടറിന് 61,900 രൂപ, 125 സിസി വാഹനത്തിന് 65,900, ലാപ്‌ടോപ്പുകൾക്ക് 23,500, 28,500, 33,500 എന്നിങ്ങനെയും 7500 രൂപ മുതൽ 18,500 രൂപവരെ മൊബൈലിനും തട്ടിപ്പുകാർ കൈപ്പറ്റി.









0 comments