പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാർ റിമാന്‍ഡില്‍

hoto: facebook.com/ananthu.krishnan.566790
തിരുവനന്തപുരം: പാതിവിലയ്‌ക്ക് ഇരുചക്രവാഹനങ്ങളും ലാപ്‌ടോപ്പും ഉൾപ്പെടെ വാഗ്‌ദാനംചെയ്‌ത് വഞ്ചിച്ച കേസിൽ നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാനും സായിഗ്രാമം ട്രസ്‌റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു. മാർച്ച് 26 വരെയാണ് റിമാൻഡ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇന്നലെയാണ് ക്രൈം ബ്രാഞ്ച് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്.
കസ്‌റ്റഡിയിലെടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാൾ ആശുപത്രിയിലാണ്. ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുക. കണ്ണൂർ ടൗൺ പൊലീസ് രജിസ്‌റ്റർചെയ്‌ത കേസിൽ ആനന്ദകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിനു പിന്നാലെയാണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് ശാസ്‌തമംഗലത്തെ വീട്ടിലെത്തി ആനന്ദകുമാറിനെ ഇന്നലെ കസ്‌റ്റഡിയിലെടുത്തത്. സീഡ് സൊസൈറ്റി വഴി 7.60 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് അനന്തകൃഷ്‌ണനെ ഒന്നും ആനന്ദകുമാറിനെ രണ്ടും പ്രതിയാക്കി മൂവാറ്റുപുഴ പൊലീസ് എടുത്ത കേസിലാണ് അറസ്‌റ്റ്.
നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ പാതിവില തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുള്ളവരും കുടുങ്ങിയിട്ടുണ്ട്. എട്ടായിരത്തിലേറെ പേരുടെ പരാതികളുണ്ട്. ആയിരം കോടിയിലേറെ രൂപയാണ് തട്ടിയെടുത്തത്. ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് എസ്‌പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള വിപുലമായ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആനന്ദകുമാറിനെതിരെ സംസ്ഥാനത്തെങ്ങും കേസുണ്ടെങ്കിലും ആദ്യ അറസ്‌റ്റാണിത്. മുഖ്യപ്രതിയായ അനന്തുകൃഷ്‌ണൻ റിമാൻഡിലാണ്. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്, മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എംഎൽഎ എന്നിവർക്കെതിരെയും വിവിധയിടങ്ങളിൽ കേസുണ്ട്.
0 comments