Deshabhimani

പാതിവില തട്ടിപ്പ്‌: എ എൻ രാധാകൃഷ്‌ണൻ കുരുക്കിൽ; ആനന്ദകുമാറിനെയും ചോദ്യംചെയ്യും

a n radhakrishnan
avatar
സ്വന്തം ലേഖകൻ

Published on Mar 11, 2025, 12:00 AM | 1 min read

കൊച്ചി: പാതിവിലയ്‌ക്ക്‌ ഇരുചക്രവാഹനം നൽകുന്ന മണിച്ചെയിൻ തട്ടിപ്പുപദ്ധതിയുടെ ബുദ്ധികേന്ദ്രം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്‌. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ, നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷൻ ചെയർമാൻ കെ എൻ ആനന്ദകുമാർ എന്നിവരുടെ പങ്കാണ്‌ പരിശോധിക്കുന്നത്‌. ഇരുവരെയും ഉടൻ ചോദ്യംചെയ്യും.


തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ അഭിഭാഷകയും കോൺഗ്രസ്‌ നേതാവുമായ ലാലി വിൻസെന്റ്‌, മഹിളാ കോൺഗ്രസ്‌ ഇടുക്കി ജില്ലാ സെക്രട്ടറി ഷീബ സുരേഷ്‌, പദ്ധതി നടത്തിപ്പ്‌ ഏജൻസിയായ സർദാർ പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് റീസർച്ച് ഡെവലപ്മെന്റ് സൊസൈറ്റി അംഗം ഇന്ദിര കെ നായർ എന്നിവരെയും വീണ്ടും ചോദ്യംചെയ്യും.


അനന്തു കൃഷ്‌ണന്റെ മൂന്ന്‌ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക്‌ എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക്‌ രേഖ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തിയതായി അനന്തുകൃഷ്‌ണന്റെ മൊഴിയുണ്ട്‌. അനന്തുവിന്റെ ജീവനക്കാരും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്‌. പദ്ധതിയുടെ തുടക്കംമുതൽ അനന്തു കൃഷ്‌ണനുമായി രാധാകൃഷ്‌ണൻ സഹകരിച്ചിരുന്നു. സൈൻ 42 കോടി നൽകാൻ ഇടയായ സാഹചര്യം ചോദ്യംചെയ്യലിൽ രാധാകൃഷ്‌ണന്‌ വിശദീകരിക്കേണ്ടിവരും.

അനന്തുവിന്റെ കമ്പനിയായ പ്രൊഫഷണൽ സർവീസസ്‌ ഇന്നൊവേഷൻസിനുവേണ്ടി കെ എൻ ആനന്ദകുമാർ നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷന്റെ നിയമാവലി ഭേദഗതി ചെയ്‌തതായി കണ്ടെത്തിയിരുന്നു.


കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ കണ്ണൂർ എസ്പിയെ എതിർകക്ഷിയാക്കി ആനന്ദകുമാർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ്‌ കോടതി ചൊവ്വാഴ്ച വിധി പറയും. പൊലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെതുടർന്ന് അഞ്ച് തവണയായി മാറ്റിവച്ച കേസിൽ തിങ്കളാഴ്ച വാദം കേട്ടശേഷമാണ്‌ കോടതി വിധിപറയാനായി മാറ്റിയത്‌. ആനന്ദകുമാറിനെതിരെ എറണാകുളം, മലപ്പുറം ജില്ലകളിലും വിശ്വാസവഞ്ചനയ്‌ക്കും തട്ടിപ്പിനും കേസുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home