പാതിവില തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിൽ

തിരുവനന്തപുരം : പകുതിവിലയ്‌ക്ക് ഇരുചക്രവാഹനമുൾപ്പെടെ വാഗ്‌ദാനംചെയ്ത് ആയിരക്കണക്കിന് ആളുകളിൽനിന്ന് കോടികൾ തട്ടിയകേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിൽ. ഓരോ ജില്ലയിലെയും കേസ് അതത് ക്രൈംബ്രാഞ്ച് യൂണിറ്റുകളാണ് അന്വേഷിക്കുന്നത്.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തി ൽ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഏകോപനച്ചുമതല ഉണ്ടായിരുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്‌പി എം ജെ സോജനെ വിജിലന്‍സ് സ്പെ ഷ്യല്‍ എസ്‌പിയായി നിയമിച്ചതിനാൽ പുതിയ ഉദ്യോഗസ്ഥന് ഉടൻ ചുമതല നൽകും.
ക്രൈംബ്രാഞ്ചിന്റെ സ്വാഭാവിക സ്ഥലമാറ്റ നടപടിയെ തെറ്റായി വ്യാഖ്യാനിച്ച് ചില മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക അന്വേഷക സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടെന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ വ്യാജവാർത്ത. കേസില്‍ 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. 1400 ലധികം പരാതി ലഭിച്ചു. അനന്തു കൃഷ്ണൻ, നാഷനൽ എൻജിയോസ് കോൺഫെഡറേഷൻ ചെയർമാനും സംഘപരിവാർ സഹയാത്രികനുമായ കെ എൻ ആനന്ദകുമാർ എന്നിവരാണ് പ്രധാനപ്രതികൾ. തട്ടിപ്പിൽ എ ല്ലാ ജില്ലകളിലുമുള്ളവർ കുടുങ്ങിയിട്ടുണ്ട്. തട്ടിപ്പിന്റെ ഉറവിടമായ ‘നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ’ ട്രസ്‌റ്റിന്റെ ആജീവനാന്ത ചെയർമാനാണ് ആനന്ദകുമാർ.
ശാസ്‌തമംഗലം സബ് രജിസ്‌ട്രാർ ഓഫീസിൽ 2024 ഫെബ്രുവരി 13നാണ് ഇന്ത്യൻ ട്രസ്‌റ്റ് ആക്ട് പ്രകാരം നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ രജിസ്‌റ്റർ ചെയ്‌തത്. സ്കൂട്ടർ വാഗ്ദാനം നൽകി 49,386 പേരിൽനിന്ന് 281.43 കോടി രൂപ, ലാപ്ടോപ്പ് വാഗ്ദാനം ചെയ്ത് 36,891 പേരിൽനിന്ന് 9.22 കോടി രൂപ, തയ്യൽ മെഷീൻ വാഗ്ദാനം നൽകി 56,082 പേരിൽനിന്ന് 23.24 കോടി രൂപ എന്നിങ്ങനെയാണ് സംഘം തട്ടിയത്.









0 comments