Deshabhimani

പാതിവില തട്ടിപ്പ്‌: ആനന്ദകുമാറിന്റെ അക്കൗണ്ടിലെത്തിയത്‌ 1.69 കോടി

anantakumar.

അനന്തുകൃഷ്ണനും ആനന്ദകുമാറും | Photo: facebook.com/ananthu.krishnan.566790

avatar
സ്വന്തം ലേഖകൻ

Published on Mar 12, 2025, 12:00 AM | 1 min read

തിരുവനന്തപുരം: പാതിവില തട്ടിപ്പ്‌ കേസിൽ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്‌ അറസ്‌റ്റിലായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാനും സായിഗ്രാമം ട്രസ്‌റ്റ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിന്റെ അക്കൗണ്ടിൽ 1,69,24,000 രൂപ എത്തിയതായി ക്രൈംബ്രാഞ്ച്‌. അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് വന്ന രണ്ടരക്കോടിയിൽനിന്നാണ്‌ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്‌. ഇതിന്റെ രേഖകൾ ക്രൈം ബ്രാഞ്ചിനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി.

കേസിൽ പ്രഥമ ദൃഷ്‌ട്യാ തെളിവുണ്ടെന്ന്‌ വ്യക്തമാക്കി തിരുവനന്തപുരം ജില്ലാ സെഷൻസ്‌ ജഡ്‌ജി നസീറയാണ്‌ മുൻകൂർ ജാമ്യം തള്ളിയത്‌. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു മുൻകൂർ ജാമ്യാപേക്ഷ. ഈ സ്‌റ്റേഷനിൽ ആറു കേസിൽക്കൂടി ആനന്ദകുമാർ രണ്ടാംപ്രതിയാണ്‌. ഇനിയും കേസെടുക്കാനുമുണ്ട്. നാഷണൽ എൻജിഒ കോൺഫെഡറേഷൻ മാനേജിങ്‌ ട്രസ്റ്റി എന്ന നിലയിൽ 2024 ഫെബ്രുവരിയിൽ സംഘടന രജിസ്റ്റർ ചെയ്തതല്ലാതെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായില്ലെന്നും 2024 ജൂലൈയിൽ രാജിവച്ചതായുമുള്ള ആനന്ദകുമാറിന്റെ വാദം കോടതി തള്ളി. ആനന്ദകുമാർ പ്രതിനിധാനം ചെയ്യുന്ന സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെയും ചാരിറ്റി മേഖലയിലുള്ള പ്രവർത്തനവും ഉപയോഗിച്ചാണ് വ്യാപക തട്ടിപ്പ് നടത്തിയതെന്ന് ജാമ്യാപേക്ഷയെ എതിർത്ത്‌ പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരി ചൂണ്ടിക്കാട്ടി.

വർഷങ്ങളായി എൻജിഒ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ആനന്ദകുമാറിന്‌ ഇത്തരത്തിലുള്ള കോൺഫെഡറേഷനുകൾക്ക് സിഎസ്ആർ ഫണ്ട് ലഭിക്കില്ലെന്നത്‌ അറിയാമായിരുന്നിട്ടും സാധാരണക്കാരായ സ്ത്രീകളെ പറ്റിച്ചു വൻ തുക കൈക്കലാക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home