പാതിവില തട്ടിപ്പ്: പ്രതി ആനന്ദകുമാറിന് ജാമ്യം, ജയിലിൽ തുടരും

തിരുവനന്തപുരം: പാതിവിലയ്‌ക്ക് ഇരുചക്രവാഹനങ്ങളും ലാപ്‌ടോപ്പും ഉൾപ്പെടെ വാഗ്‌ദാനംചെയ്‌ത് വഞ്ചിച്ച കേസിൽ പ്രതി ആനന്ദ കുമാറിന് ജാമ്യം. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാനും സായിഗ്രാമം ട്രസ്‌റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിനെതിരെ മുപ്പതോളം കേസുകളുണ്ട്. ബാക്കി കേസുകളിൽ ജാമ്യമില്ലാത്തതിനാൽ ജയിലിൽ തുടരും.
കണ്ണൂർ ടൗൺ പൊലീസ് രജിസ്‌റ്റർചെയ്‌ത കേസിൽ ആനന്ദകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിനു പിന്നാലെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് ശാസ്‌തമംഗലത്തെ വീട്ടിലെത്തി ആനന്ദകുമാറിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പാതിവില തട്ടിപ്പുകേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് സംഘപരിവാർ സഹയാത്രികനായ കെ എൻ ആനന്ദകുമാർ.
നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ പാതിവില തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുള്ളവരും കുടുങ്ങിയിട്ടുണ്ട്. എട്ടായിരത്തിലേറെ പേരുടെ പരാതികളുണ്ട്. തട്ടിപ്പിന്റെ ഉറവിടമായ ‘നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ’ ട്രസ്‌റ്റിന്റെ ആജീവനാന്ത ചെയർമാനാണ് ആനന്ദകുമാർ. തിരുവനന്തപുരം ശാസ്‌തമംഗലം സബ് രജിസ്‌ട്രാർ ഓഫീസിൽ 2024 ഫെബ്രുവരി 13നാണ് ഇന്ത്യൻ ട്രസ്‌റ്റ് ആക്ടുപ്രകാരം നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ രജിസ്‌റ്റർ ചെയ്‌തത്.
അതേസമയം പാതിവില തട്ടിപ്പിൽ സംസ്ഥാനത്ത് 1,343 കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 665 കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഡിജിപിമേൽനോട്ടം വഹിക്കും. സ്കൂട്ടർ വാഗ്ദാനം നൽകി 49,386 പേരിൽനിന്ന് 281.43 കോടി രൂപ, ലാപ്ടോപ്പ് വാഗ്ദാനം ചെയ്ത് 36,891 പേരിൽനിന്ന് 9.22 കോടി രൂപ, തയ്യൽ മെഷീൻ വാഗ്ദാനം നൽകി 56,082 പേരിൽനിന്ന് 23.24 കോടി രൂപ എന്നിങ്ങനയൊണ് സംഘം തട്ടിയത്.
0 comments