ബിജെപി - ജമാഅത്തെ ഇസ്ലാമി ബന്ധം
ഗുരുവായൂരിൽ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി രാജിവെച്ചു; സിപിഐ എമ്മുമായി സഹകരിക്കും

കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി പി പീറ്ററിനെ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ സ്വീകരിക്കുന്നു.
ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിലെ തീരമേഖലയിൽ കോൺഗ്രസിന്റെ ബിജെപി - ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ പ്രതിഷേധം ശക്തം. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാജിവെച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ചാവക്കാട് നഗരസഭാ കൗൺസിലറുമായ പി പി പീറ്ററാണ് കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണം നഷ്ടപ്പെട്ട തീരദേശത്തെ കോൺഗ്രസ്, ഏത് വർഗീയ കക്ഷികളെ പരിപോഷിപ്പിച്ചായാലും ഭരണം നേടാനാകുമോ എന്നാണ് നോക്കുന്നതെന്ന് പി പി പീറ്റർ ആരോപിച്ചു. ഇതിനായി ഒരേസമയം ഭൂരിപക്ഷ വർഗീയ ഫാസിസ്റ്റുകളായ ബിജെപിയെയും തീവ്രവാദ ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമിയേയും പ്രീണിപ്പിക്കുകയാണ് കോൺഗ്രസ്. വർഗീയതയ്ക്കെതിരെ പരസ്യമായി സംസാരിക്കുകയും രഹസ്യമായി ഈ വർഗീയ കക്ഷികളെ തെരഞ്ഞെടുപ്പിൽ സമീപിച്ച് വോട്ടുതേടുകയുമാണ് നേതൃത്വം ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തീവ്രവാദ സ്വഭാവമുള്ള ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കേണ്ട ഗതികേടിലേക്കാണ് നേതൃത്വം കോൺഗ്രസിനെ കൊണ്ടെത്തിച്ചിരിക്കുന്നതെന്നും പീറ്റർ പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായി എല്ലാത്തരം വർഗീയ ശക്തികൾക്കെതിരായും നിലപാട് സ്വീകരിക്കുന്ന സിപിഐഎമ്മുമായി ഇനിയുള്ള കാലം സഹകരിച്ച് പ്രവർത്തിക്കുമെന്നും പീറ്റർ പ്രഖ്യാപിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രസ്താവനയിറക്കി കോൺഗ്രസ് വിട്ട ജില്ലാ ജനറൽ സെക്രട്ടറി പി യതീന്ദ്ര ദാസിന് പിന്നാലെ നിരവധി നേതാക്കളാണ് കോൺഗ്രസിന്റെ വർഗീയ പ്രീണന നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി വിടുന്നത്. പി പി പീറ്ററിനെ സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ സ്വീകരിച്ചു. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എ എച്ച് അക്ബർ, ഷീജ പ്രശാന്ത്, മാളികുളം അബ്ബാസ്, സിപിഐ എം ചാവക്കാട് ലോക്കൽ സെക്രട്ടറി പി എസ് അശോകൻ, പി യതീന്ദ്രദാസ്, ഫിറോസ് പി തൈപറമ്പിൽ എന്നിവർ സംസാരിച്ചു.









0 comments