വായ്‌പയെടുക്കൽ : കൂടുതൽ കുരുക്കുമായി കേന്ദ്ര സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തിന് വായ്‌പയെടുക്കാൻ കൂടുതൽ നിബന്ധനകളുമായി കേന്ദ്രസർക്കാർ. പൊതുമേഖലാ, സർക്കാർ സ്ഥാപനങ്ങൾ സർക്കാരിന്റെ ഗ്യാരന്റിയിലെടുക്കുന്ന വായ്‌പയുടെ അഞ്ചുശതമാനം ഗ്യാരന്റി റിഡംപ്‌ഷൻ ഫണ്ട് (ജിആർഎഫ്) ആയി റിസർവ് ബാങ്കിൽ നൽകണം. ഇല്ലെങ്കിൽ സംസ്ഥാനത്തിന് എടുക്കാവുന്ന വായ്‌പയിൽനിന്ന് കാൽശതമാനം കുറയ്‌ക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ തുക മാർച്ച് 31ന് മുമ്പ് ചെലവിട്ടില്ലെങ്കിലും കേന്ദ്രസേനകളുടെ സേവനത്തിനുള്ള തുക ഒടുക്കിയില്ലെങ്കിലും വായ്‌പാനുവാദം കുറയ്‌ക്കും. സംസ്ഥാനത്തെ സാമ്പത്തികമായി കൂടുതൽ ഞെരുക്കാനുള്ളതാണ് നിബന്ധനകൾ.
സംസ്ഥാനത്തിന് ഈ വർഷം 39,876 കോടി രൂപ വായ്‌പയെടുക്കാമെന്നാണ് കേന്ദ്രം കണക്കാക്കിയിട്ടുള്ളത്. നിലവിൽ കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവയുടെ വായ്‌പ, സർക്കാരിന്റെ പബ്ലിക് അക്കൗണ്ടിൽ വന്ന നിക്ഷേപം എന്നിവ കടമെടുപ്പു പരിധിയിൽ പെടുത്തിയത് സംസ്ഥാനത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ, പശ്‌ചാത്തല വികസനങ്ങൾക്കായാണ് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയെപ്പോലെ കിഫ്‌ബിയും ഫണ്ട് സമാഹരിക്കുന്നത്. കിഫ്‌ബി വായ്‌പ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽപ്പെടുത്തിയപ്പോൾ ദേശീയപാത അതോറിറ്റിയെ കേന്ദ്രസർക്കാരിന്റെ കടമെടുപ്പു പരിധിയിൽ പെടുത്തിയിട്ടില്ല. സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാനാണ് പെൻഷൻ കമ്പനി രൂപീകരിച്ചത്. തിരിച്ചടവിന് കൃത്യമായ സംവിധാനമുണ്ടാക്കിയെങ്കിലും ഇതും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധയിലാക്കിയിരുന്നു. ഇതിനു പുറമേയാണ് പുതിയ നിബന്ധനകൾ.
കേന്ദ്ര സായുധസേനാ വിഭാഗങ്ങളുടെ സേവനത്തിന് നിശ്‌ചയിക്കുന്ന തുക കൃത്യമായി ഒടുക്കിയില്ലെങ്കിൽ അതും വായ്‌പാനുവാദത്തിൽ കുറയ്ക്കുമെന്ന നിബന്ധന വിചിത്രമാണ്. മുണ്ടക്കൈ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേന കൂലി ചോദിച്ചിരുന്നു. കേന്ദ്രസേനയുടെ ചെലവ് ഒക്‌ടോബർ ഒന്നിന് മുമ്പ് അടച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ വായ്‌പാനുവാദം കുറയ്‌ക്കുമെന്നുമാണ് ഭീഷണി.
കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ കേന്ദ്രവിഹിതം ലഭിക്കാൻ വൈകുന്നതിനാൽ സംസ്ഥാനം മുൻകൂട്ടി ചെലവിട്ടാണ് പലതും നടപ്പാക്കുന്നത്. പലപ്പോഴും സാമ്പത്തിക വർഷാവസാനമാണ് കേന്ദ്രവിഹിതം ലഭിക്കുക. ഇത് മാർച്ച് 31നകം ചെലവിട്ടില്ലെങ്കിൽ സംസ്ഥാനത്തിന് കുരുക്കാകുന്നതാണ് മറ്റൊരു നിർദേശം. വയനാടിനുവേണ്ടി അനുവദിച്ച 592.50 കോടി രൂപ വായ്പ ചെലവിടാൻ 45 ദിവസം മാത്രമാണ് അനുവദിച്ചിരുന്നത്.









0 comments