നഷ്ടം നികത്തണം

ജിഎസ്‌ടി പരിഷ്‌കരണം: ഒറ്റക്കെട്ടായി പ്രതിപക്ഷ സംസ്ഥാനങ്ങൾ

k n balagopal interview
avatar
സ്വന്തം ലേഖകൻ

Published on Aug 30, 2025, 03:28 AM | 1 min read

ന്യൂഡൽഹി: പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച ജിഎസ്‌ടി പരിഷ്‌കരണം സംസ്ഥാനങ്ങൾക്ക്‌ സൃഷ്ടിക്കുന്ന വരുമാനനഷ്ടം കേന്ദ്രസർക്കാർ നികത്തണമെന്ന്‌ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന എട്ട്‌ സംസ്ഥാനങ്ങളിൽനിന്ന് ജിഎസ്ടി കൗൺസിൽ അംഗങ്ങളായ മന്ത്രിമാർ സംയുക്തമായി ആവശ്യപ്പെട്ടു. നികുതി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാരിലെത്തുമെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നു. കർണാടക ഭവനിൽ ചേർന്ന യോഗത്തില്‍ കേരളം, തമിഴ്‌നാട്‌, കർണാടക, തെലങ്കാന, ജാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, പഞ്ചാബ്‌, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജിഎസ്‌ടി ക‍ൗൺസിലിലെ മൂന്നിലൊന്ന്‌ മന്ത്രിമാർ ഇത്തരമൊരു യോഗം ചേർന്നത്‌ ചരിത്രസംഭവമാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട്‌ പറഞ്ഞു. ജിഎസ്‌ടി പരിഷ്‌കരണത്തിലൂടെ ഉൽപ്പന്നങ്ങൾക്ക്‌ വിലകുറയുകയും സാധാരണക്കാർക്ക്‌ പ്രയോജനപ്പെടുകയും ചെയ്യുമെങ്കിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ സ്വാഗതംചെയ്യും.

നികുതി കുറയ്ക്കലിന്റെ ഗുണഫലം ഉപയോക്താക്കൾക്ക്‌ ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തണം. കോർപറേറ്റുകൾക്ക്‌ നേട്ടമുണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കരുത്‌. മുമ്പ്‌ പല ഉൽപ്പന്നങ്ങളുടെയും ജിഎസ്‌ടി കുറച്ചപ്പോൾ അതിനനുസൃതമായി വിലയിൽ മാറ്റമുണ്ടായില്ലെന്നാണ്‌ കേരളം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്‌. കേന്ദ്രത്തിന്റെ ആകെ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ്‌ ജിഎസ്‌ടി. എന്നാൽ സംസ്ഥാനങ്ങളുടെ 70 ശതമാനവും ജിഎസ്‌ടിയിൽ നിന്നാണ്‌. ഇതിൽ 20 ശതമാനമെങ്കിലും ജിഎസ്‌ടി പരിഷ്‌കരണത്തിലൂടെ കുറയും. ഇ‍ൗ കുറവ്‌ കേന്ദ്രം പരിഹരിക്കണം. അല്ലെങ്കിൽ സംസ്ഥാനങ്ങള്‍ സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും വികസന പദ്ധതികൾക്കും പണം കണ്ടെത്താൻ ബുദ്ധിമുട്ടും. കേരളത്തിന്‌ എണ്ണായിരം കോടി മുതൽ പതിനായിരം കോടി വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. 62 ലക്ഷം പേർക്ക്‌ സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുക്കുന്ന സംസ്ഥാനമാണ്‌.

ഇതോടൊപ്പം കാരുണ്യ ചികിൽസാപദ്ധതി പോലുള്ള പദ്ധതികളുണ്ട്‌. ലൈഫ്‌ പദ്ധതി, റോഡുവികസനം, ആശുപത്രികളുടെയും സ്‌കൂളുകളുടെയും മറ്റും വികസനം. ഇതിനെയെല്ലാം ബാധിക്കും. സംസ്ഥാനങ്ങൾക്കാകെ രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ജിഎസ്‌ടി ക‍ൗൺസിലിൽ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്താൻ പ്രതിപക്ഷ സംസ്ഥാനങ്ങൾ ശ്രമിക്കും– ബാലഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home