മരണത്തിൽ ദുരൂഹത: ഖബർ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി

പയ്യോളി: രണ്ടാഴ്ചമുമ്പ് ഖബറടക്കിയ 58കാരന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മരണത്തിൽ ദുരൂഹതയുള്ളതായി വീട്ടുകാർക്ക് തോന്നിയതോടെയാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്. തുറയൂർ അട്ടക്കുണ്ട് ഊരുവയലിൽ മുഹമ്മദിന്റെ മൃതദേഹമാണ് ആർഡിഒ അൻവർ സാദത്ത്, മെഡിക്കൽ കോളേജ് ഫോറൻസിക് വിദഗ്ധൻ ഡോ. പി എസ് സഞ്ജയ്, പയ്യോളി പൊലീസ് ഇൻസ്പെക്ടർ എ കെ സജീഷ്, തഹസിൽദാർ (എൽ ആർ) സി സുബൈർ എന്നിവരുടെ സാന്നിധ്യത്തിൽ തുറയൂരിലെ ചരിച്ചിൽ പള്ളി ഖബർസ്ഥാനിൽ പോസ്റ്റ്മോർട്ടം നടത്തിയത്.
27 വർഷമായി കുടുംബവുമായി അകന്ന് തനിച്ചു താമസിക്കുകയായിരുന്നു മുഹമ്മദ്. മെയ് 26നാണ് മുഹമ്മദ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ അയൽവാസി കാണുകയും സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയുമായിരുന്നു. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പൊലീസിൽ അറിയിക്കാനോ പോസ്റ്റ്മോർട്ടം നടത്താനോ അനുജൻ ഇസ്മയിൽ തയ്യാറായില്ലെന്ന് മകൻ മുഫീദ് പറഞ്ഞു. മൃതദേഹം ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
ബാപ്പയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ട മകൻ മുഫീദാണ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഖബർ തുറന്ന് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചു. മരണകാരണത്തെ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനുവേണ്ടിയാണ് പരാതി നൽകിയതെന്നും മുഫീദ് പറഞ്ഞു.









0 comments