ലക്ഷദ്വീപിലെ ബിത്ര ദ്വീപ് ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ; സൈനിക ആവശ്യങ്ങൾക്കെന്ന് വാദം

കൊച്ചി : ലക്ഷദ്വീപിലെ ജനവാസകേന്ദ്രമായ ബിത്ര ദ്വീപ് പ്രതിരോധാവശ്യങ്ങൾക്കായി ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ലക്ഷദ്വീപ് റവന്യുവകുപ്പ് വിജ്ഞാപനമിറക്കി. തന്ത്രപ്രധാനയിടമാണ് ബിത്ര ദ്വീപെന്നും ദേശസുരക്ഷാ പ്രധാന്യം മുൻനിർത്തിയാണ് ഏറ്റെടുക്കുന്നതെന്നും 11ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സാമൂഹ്യാഘാത പഠനം രണ്ടുമാസത്തിനകം പൂർത്തിയാക്കാനും നിർദേശമുണ്ട്. ഗ്രാമസഭയുടെയോ സ്ഥലം ഉടമയുടെയോ അനുവാദം ഇതിനാവശ്യമില്ലെന്നും വ്യക്തമാക്കി.
ഏകപക്ഷീയ നടപടിയെ നിയമപരമായി നേരിടാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. 91.7 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ബിത്ര ദ്വീപിലെ ജനസംഖ്യ മുന്നൂറിലധികമാണ്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികൾ. ഇവരുടെ ജീവിതത്തെ ബാധിക്കുന്നതാണ് തീരുമാനം. കായൽമീനുകളും ട്യൂണപോലുള്ള മീനുകളും ലഭിക്കുന്നയിടംകൂടിയാണ് ബിത്ര ദ്വീപ്. ജനിച്ചനാട്ടിൽനിന്ന് കുടിയിറക്കപ്പെടുമോയെന്ന ഭീതിയിലാണ് ദ്വീപിലുള്ളവർ. തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. കൂടിയാലോചനകളില്ലാതെയാണ് വിജ്ഞാപനമെന്നും വിമർശമുയർന്നു.









0 comments