എയ്ഡഡ് സ്കൂളുകളോട് സർക്കാരിന് വിവേചനമില്ല: കെ എൻ ബാലഗോപാൽ

കൊല്ലം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്രസംഭാവന നൽകിയ എയ്ഡഡ് സ്കൂളുകളോട് സർക്കാരിന് വിവേചനം ഇല്ല. സർക്കാർ സ്കൂളുകൾക്ക് ലഭിക്കുന്ന സഹായങ്ങൾ എയ്ഡഡ് സ്കൂളുകൾക്കുകൂടി ലഭിക്കുന്ന തരത്തിൽ നിയമനിർമാണം നടത്തുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം
. എംപിമാരുടെ ഫണ്ട് എയ്ഡഡ് സ്കൂളുകളിൽ പല പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും എംഎൽഎ ഫണ്ടിൽ നിയന്ത്രണമുണ്ട്. ഇതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തും. യൂണിഫോം അലവൻസ്, ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക എന്നിവ മുടക്കംകൂടാതെ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ് അധ്യക്ഷനായി. എംഎൽഎമാരായ എം നൗഷാദ്, പി എസ് സുപാൽ, പി സി വിഷ്ണുനാഥ്, ജില്ലാ സെക്രട്ടറി വി വി ഉല്ലാസ്‌രാജ്, ജില്ലാ വൈസ് പ്രസിഡന്റ് മുരളീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഡോക്ടറേറ്റ് ലഭിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം മണിയെ മന്ത്രി ആദരിച്ചു. മുതിർന്ന മാനേജർമാരെ പിസി വിഷ്ണുനാഥ് എംഎൽഎ ആദരിച്ചു.









0 comments