പൊലീസിന്റെ കാര്യക്ഷമതയ്‌ക്ക് തെളിവ്
ചാടി, ഉടൻ പൊക്കി ; കുടുക്കിയത് പഴുതടച്ച അന്വേഷണവും നാട്ടുകാരുടെ ജാഗ്രതയും

എൻ കെ സുജിലേഷ്
Published on Jul 26, 2025, 03:22 AM | 2 min read
കണ്ണൂർ
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തടവുചാടിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി(44)യെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. വെള്ളി പുലർച്ചെ 4.15നാണ് ജയിൽചാടിയത്. ജയിലിൽനിന്ന് മൂന്നര കിലോമീറ്റർ ദൂരെ കണ്ണൂർ ടൗൺ ഭാഗത്ത് തളാപ്പിലുള്ള കെട്ടിടത്തിന്റെ കിണറ്റിൽനിന്ന് രാവിലെ 10.40നാണ് പിടിയിലായത്.
വൈദ്യപരിശോധനയ്ക്കും ചോദ്യംചെയ്യലിനുംശേഷം കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. സുരക്ഷയിൽ വീഴ്‌ചവരുത്തിയതിന് മൂന്ന് ജയിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ മഞ്ഞക്കാട് സ്വദേശിയായ 23കാരിയെ എറണാകുളം–-ഷൊർണൂർ റൂട്ടിൽ ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാത്സംഗംചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഗോവിന്ദച്ചാമി. നേരത്തേ തമിഴ്‌നാട്ടിലടക്കം സമാനമായ പല കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെ പതിവു പരിശോധനയിലാണ് ഗോവിന്ദച്ചാമി സെല്ലിൽ ഇല്ലെന്ന് മനസ്സിലായത്. ഉടൻ കണ്ണൂർ ടൗൺ പൊലീസിൽ വിവരമറിയിച്ചു. ജയിൽ പരിസരവും നഗരവും പൊലീസ് പരിശോധിക്കുന്നതിനിടെ തളാപ്പിൽ ഇയാളോട് സാദൃശ്യമുള്ള ഒരാളെ കണ്ടതായി ഓട്ടോഡ്രൈവർ സന്തോഷും വഴിയാത്രക്കാരനും അറിയിച്ചു. ഇതോടെ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
ഇതിനിടെ തളാപ്പ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കിണറ്റിൽ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ഗോവിന്ദച്ചാമിയെ ജീവനക്കാർ കണ്ടെത്തി. പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചു. ഒളിച്ചിരുന്ന, കാടുമൂടിയ സ്ഥലം പൊലീസും ജനങ്ങളും വളഞ്ഞതോടെയാണ് മതിൽ ചാടിക്കടന്ന് കിണറ്റിൽ ചാടിയത്. സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കഴിയുന്ന പത്താം ബ്ലോക്കിലെ സെല്ലിന്റെ കമ്പി ആറിടത്ത് മുറിച്ചാണ് പുറത്തുകടന്നത്. ഒരാൾപ്പൊക്കമുള്ള ബ്ലോക്കിന്റെ മതിൽ ചാടിക്കടന്നശേഷം ജയിലിന്റെ 20 അടിയുള്ള പ്രധാന മതിലും ചാടിയാണ് പുറത്തെത്തിയത്. രണ്ട് പ്ലാസ്റ്റിക് വാട്ടർടാങ്കും അതിനുമുകളിൽ കസേരയും പാത്രവും അട്ടിവച്ചാണ് വലിയ മതിൽ കയറിയത്. മറുഭാഗത്തേക്ക് പുതപ്പ് കെട്ടി കയറുപോലെയാക്കി ഇറങ്ങി. നഗരത്തിലൂടെ നടന്നാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. തുണികൊണ്ട് കെട്ടുണ്ടാക്കി തലയിൽവച്ച ശേഷം പകുതി മുറിഞ്ഞ കൈ അതിൽ മറച്ചു.
സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരി, സിറ്റി ഇൻസ്‌പെക്‌ടർ പി സനൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പഴുതടച്ച അന്വേഷണമാണ് ഗോവിന്ദച്ചാമിയെ കുടുക്കിയത്. ഇയാൾ നഗരം വിടാതിരിക്കാനുള്ള മുൻകരുതലുമെടുത്തു. ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി തമിഴ്‌നാട്, കർണാടക പൊലീസിനും വിവരം നൽകി.
ഇന്ന് ഉന്നതതല യോഗം
ഗോവിന്ദച്ചാമി ജയിൽ ചാടാൻ ഇടയായ സംഭവത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ഉന്നതതല യോഗംചേരും. പകൽ 11നാണ് യോഗം. ആഭ്യന്തര സെക്രട്ടറി, ജയിൽ മേധാവി എന്നിവരും പങ്കെ ടുക്കും.തടവുചാടലിനിടയാക്കിയ സുരക്ഷാ വീഴ്‌ചയെക്കുറിച്ചുള്ള അന്വേഷണം തീരുമാനിക്കും.











0 comments