സുപ്രീംകോടതി വിധിയുടെ അന്തഃസത്തയെ വെല്ലുവിളിക്കുകയാണ് ഗവർണർ: മന്ത്രി പി രാജീവ്

തിരുവനന്തപുരം : വൈസ് ചാൻസലർമാറുടെ നിയമനത്തിൽ സുപ്രീംകോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളിയതിലൂടെ ഗവർണർ രാജേന്ദ്ര ആർലേക്കർ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പി രാജീവ്. വിധിയുടെ അന്തസത്തയെ നിരാകരിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുകയാണ് ഗവർണർ. ഒന്നുകിൽ ചാൻസലർക്ക് പുതിയ ആളെ വെക്കാം, അല്ലെങ്കിൽ നിലവിൽ തുടരുന്നയാളെ തന്നെ നിയമിക്കാം. താൽക്കാലികമായി പുതിയ ഒരാളെയോ നിലവിലുള്ള ആളെയോ വെക്കാം പക്ഷേ പ്രസ്തുത നിയമങ്ങൾക്കും വകുപ്പുകൾക്കും അനുസരിച്ചായിരിക്കണം എന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ വകുപ്പുകൾക്കനുസരിച്ചല്ല നിയമനം എന്ന് കണ്ടെത്തിയിട്ടാണ് ഹൈക്കോടതി നേരത്തെയുള്ളത് റദ്ദാക്കിയത്. ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിന്റെ പാനലിൽ നിന്നല്ല, താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ചു എന്നതുകൊണ്ടാണ്. അതു ശരിവച്ചുകൊണ്ടാണ് യഥാർഥത്തിൽ സുപ്രീംകോടതി നിയമത്തിനനുസരിച്ചാണ് ചാൻസലർ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്ന് ഈ വിധിയിൽ പറഞ്ഞിരിക്കുന്നത്. ഇവിടെ സുപ്രീംകോടതി വിധിയെ പരസ്യമായി ചാൻസലർ വെല്ലുവിളിച്ചിരിക്കുകയാണ്. ചാൻസലർ സ്ഥാനത്തിരിക്കുന്ന ഒരാൾ ഇത്തരം പ്രവർത്തി ചെയ്യുന്നത് അതീവ ഗൗരവതരമാണ്.
താൽക്കാലിക വൈസ് ചാൻസലർ നിയമനം എന്നതിനൊപ്പം, അല്ലെങ്കിൽ അതിനേക്കാളേറെ സുപ്രീംകോടതി പരിഗണിച്ചത് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയം യൂണിവേഴ്സിറ്റികളിലെ തർക്കം മൂലമുണ്ടാകുന്നു എന്നാണ്. അതുകൊണ്ട് രണ്ട് അറ്റോർണിമാരോടും ചാൻസലറും സർക്കാരും ചർച്ച നടത്തി തുടർനടപടികളിലേക്ക് പോകണമെന്നണ് കോടതി ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി തന്നെ ഗവർണറെ കാണുകയും യൂണിവേഴ്സിറ്റിക്കുള്ളിൽ നിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് നടന്ന ചർച്ച വിജയകരമായിരുന്നു. അദ്ദേഹം പല കാര്യങ്ങളും അംഗീകരിച്ചു. അതനുസരിച്ചാണ് പ്രവർത്തിക്കേണ്ടിയിരുന്നത്. പക്ഷേ ഇതിന് കടകവിരുദ്ധമായാണ് ഇപ്പോൾ നടന്നത്. മുഖ്യമന്ത്രി രേഖാമൂലം ഗവർണർക്ക് കത്ത് നല്‌കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്കുള്ളിൽ നിന്ന് യൂണിവേഴ്സിറ്റികളിലെ വിഷയം പരിഹരിക്കാനായി നിയമമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും ചർച്ചയ്ക്കായി ചുമതലപ്പെടുത്തി കത്ത് നൽകിയിട്ടുണ്ട്. ഇത് പൂർണമായും തള്ളിക്കളയുന്ന ഗവർണർ ചാൻലസർ പദവി വഹിക്കുന്നത് വിധിക്കെതിരെയുള്ള വെല്ലുവിളിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.









0 comments