മകളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും
സർക്കാർ ബിന്ദുവിന്റെ കുടുംബത്തോടൊപ്പം: ധനസഹായം മന്ത്രിസഭ പ്രഖ്യാപിക്കും- മന്ത്രി വി എൻ വാസവൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്ന് മന്ത്രി വി എൻ വാസവൻ. സംസ്കാര ചടങ്ങുകൾക്കായുള്ള അടിയന്തര സഹായമായി 50,000 രൂപ നൽകി. മന്ത്രിസഭ യോഗം ചേർന്ന ശേഷം കുടുംബത്തിനായുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിന്ദുവിന്റെ കുടുംബത്തെ സന്ദർശിച്ച് ആവശ്യമുള്ളതെല്ലാം ചെയ്യും. മകളുടെ ചികിത്സ സർക്കാർ ഏറ്റെടുത്ത് ചെയ്യും. മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണ്. ആരോഗ്യമന്ത്രി തെറ്റായി ഒന്നും പറഞ്ഞില്ല. അപകടം നടന്ന് ആശുപത്രിയിലെത്തിയപ്പോൾ ആദ്യം കിട്ടിയ റിപ്പോട്ടാണ് മന്ത്രി പറഞ്ഞത്. മേഖല അവലോകന യോഗത്തിൽ നിന്നാണ് ആശുപത്രിയിലെത്തിയത്. അവിടെ എത്തിയപ്പോൾ ഫയർഫോഴ്സും പൊലീസും ഡോക്ടർമാരും പറഞ്ഞ കാര്യമാണ് മന്ത്രി പറഞ്ഞത്. അപകട സ്ഥലത്തേക്ക് ഓടി വരുമ്പോൾ എല്ലാം പരിശോധിച്ച് പറയാൻ കഴിയില്ല. അവിടെ ഉള്ള ബന്ധപ്പെട്ടർ നൽകുന്ന വിവരമാണ് മന്ത്രി പറയുന്നതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായത് കൊണ്ടാണ് പുതിയ കെട്ടിടമുണ്ടാതെന്നും മന്ത്രി കൂട്ടിചേർത്തു. 2013ൽ അൺ ഫിറ്റാണെന്ന് പിഡബ്ല്യൂഡി റിപ്പോർട്ട് നൽകി. അന്നത്തെ യുഡിഎഫ് സർക്കാർ ആ കാര്യത്തിൽ ഒന്നും ചെയ്തില്ല. ഫണ്ടും വെച്ചില്ല. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ഇക്കാര്യത്തിൽ ഇടപെടുകയും 2017ൽ കിഫ്ബി മുഖാന്തരം ഫണ്ട് അനുവദിക്കുകയും ചെയ്തു. 2018ൽ ഭരണാനുമതി ലഭിച്ചു. എന്നാൽ കോവിഡ് വന്നതോടെ നിർമാണം നിലച്ചു. പിന്നീട് പണി തുടങ്ങി 565 ബെഡും 14 ഓപ്പറേഷൻ തീയേറ്ററുമുള്ള സർജിക്കൽ ബ്ലോക്കാണ് പണി കഴിപ്പിച്ചത്. അത് സർക്കാർ ശ്രദ്ധിച്ചത് കൊണ്ട് വന്നതാണ്. അവസാന മീറ്റിങ് ചേർന്ന് ഏറ്റവുംപെട്ടെന്ന് രോഗികളെ മാറ്റാൻ തീരുമാനിക്കുകയും ചെയ്തു. ഓപ്പറേഷൻ തീയേറ്റർ അണുവിമുക്തമാക്കാൻ മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments