നിക്ഷേപ പ്രക്രിയ വേഗത്തിലാക്കാൻ കെ സ്വിഫ്റ്റ് : നിക്ഷേപകരിൽ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം

തിരുവനന്തപുരം: സംരംഭങ്ങൾ തുടങ്ങാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമായ കേരള സിംഗിൾ വിൻഡോ ഇൻറർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസിന് (കെ സ്വിഫ്റ്റ്) നിക്ഷേപകരിൽ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം. കെസ്വിഫ്റ്റിൻറെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഒഡിബി) സൂചികകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കേരളത്തിനായെന്നതും ശ്രദ്ധേയം.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) മുതൽ വൻകിട വ്യവസായങ്ങൾ വരെയുള്ള സംരംഭങ്ങൾക്ക് പ്രവർത്തനമാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ലൈസൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാക്കുന്ന സമഗ്ര ഓൺലൈൻ പോർട്ടലാണ് കെസ്വിഫ്റ്റ്. പ്രൊഫഷണലുകൾ, വ്യാപാരികൾ, സ്റ്റാർട്ടപ്പുകൾ, പുതുസംരംഭകർ എന്നിവർക്കും കെസ്വിഫ്റ്റ് ഉപയോഗപ്രദമാണ്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരിൽ നിന്ന് കെ-സ്വിഫ്റ്റിന് പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിൻറെ വ്യാവസായികാന്തരീക്ഷത്തെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുതാര്യവുമാക്കി മാറ്റുന്നതിന് ഇത് സഹായകമാണ്. സംരംഭങ്ങൾക്കാവശ്യമായ അംഗീകാര പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാൻ കെസ്വിഫ്റ്റിലൂടെ ലക്ഷ്യമിടുന്നു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് (ഐകെജിഎസ്-2025) പോലുള്ള വേദികളിൽ കെസ്വിഫ്റ്റ് ഉൾപ്പെടെയുള്ള സർക്കാർ സംരംഭങ്ങൾ ഫലപ്രദമായ മാതൃകയായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 446 താത്പര്യപത്രങ്ങളിൽ നിന്നായി 1.80 ലക്ഷം കോടി രൂപയിലധികം വരുന്ന നിക്ഷേപ നിർദ്ദേശങ്ങൾ സമാഹരിച്ചുകൊണ്ട് സംസ്ഥാനം വലിയ കുതിച്ചുചാട്ടം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രജിസ്ട്രേഷനും ലൈസൻസിനുമുള്ള അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിനും തൊഴിൽ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 22 ലധികം വകുപ്പുകളിൽ നിന്നും ബോർഡുകളിൽ നിന്നും സർട്ടിഫിക്കറ്റുകളും ക്ലിയറൻസുകളും നേടുന്നതിനും കെസ്വിഫ്റ്റ് പ്രയോജനപ്പെടുത്താനാകും. വിവിധ സർക്കാർ വകുപ്പുകളിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷയുടെ തത്സമയ ട്രാക്കിംഗ്, സർട്ടിഫിക്കറ്റുകളുടെ ഡൗൺലോഡിംഗ്, പരിശോധനകളുടെ ഷെഡ്യൂൾ തിരഞ്ഞെടുക്കൽ, ലൈസൻസ് പുതുക്കൽ തുടങ്ങിയവയും കെസ്വിഫ്റ്റിലൂടെ സാധ്യമാകും.









0 comments